മൂവാറ്റുപുഴ: കോവിഡ്- 19 രോഗബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസൊലേഷനിലായിരിക്കുന്നവർക്കും മറ്റ് നിരാലംബർക്കും സൗജന്യ ഭക്ഷണ വിതരണത്തിനായി പായിപ്ര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാമൂഹ അടുക്കളയിലേക്ക് എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ കെെതാങ്ങ്. കർഷകരിൽ നിന്നും ശേഖരിച്ച വിവിധങ്ങളായ വിഷരഹിത പച്ചക്കറികളായ പടവലങ്ങ,ഏത്തക്ക,ചേന, പച്ചമുളക്,കറിവേപ്പില തക്കാളിഎന്നിവയും വെളിച്ചെണ്ണ, അച്ചാർ, സവാള , തുടങ്ങിയ പലചരക്ക് ഉൽപ്പന്നങ്ങുളും ശേഖരിച്ച്‌ നൽകി. സാമൂഹ്യ അടുക്കളയിൽ പച്ചക്കറികൾക്ക് ദൗർലഭ്യം അനുഭവപ്പെടുകയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് കെ.ഏലിയാസിൻ്റെ അറിയിപ്പിനെ തുടർന്നാണ് ലെെബ്രറി ഭാരവാഹികൾ പച്ചക്കറികൾ കർഷകരിൽ നിന്ന് വിലകൊടുത്ത് വാങ്ങി നൽകിയത് . ലെെബ്രറി അങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ലെെബ്രറി പ്രസിഡൻ്റ് എം.കെ. ജോർജ്ജ്, സെക്രട്ടറി എം.എസ്. ശ്രീധരൻ എന്നിവരിൽ നിന്നും വാർഡ് മെമ്പർ അശ്വതി ശ്രീജിത് പച്ചക്കറികൾ ഏറ്റുവാങ്ങി. ലെെബ്രറികൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.കെ. ഉണ്ണി , ലെെബ്രറേറിയൻ കെ.കെ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.