പള്ളുരുത്തി:ചലച്ചിത്ര സംഗീത സംവിധായകനായാണ് അർജുനൻ മാസ്റ്ററെ ലോകം അറിയുന്നതെങ്കിലും മാഷ് കൂടുതൽ സമയം ചെലവഴിച്ചത് നാടകങ്ങൾക്ക് വേണ്ടിയാണ്. മദ്രാസിലെ തിരക്കിനിടയിലും മാഷ് ഇടക്ക് നാട്ടിലേക്ക് ഓടിയെത്തി നാടകഗാനങ്ങൾക്ക് സംഗീതം നൽകി മടങ്ങി പോകുന്ന കാലമുണ്ടായിരുന്നു. ഒരു പക്ഷേ സിനിമയിലേക്കാളും മനോഹരമായ പാട്ടുകൾ പിറന്നത് നാടകത്തിലാണ്. പക്ഷേ അതൊന്നും ചരിത്രത്തിന്റെ താളുകളിൽ ആരും രേഖപ്പെടുത്തിയില്ല.
മാഷ് എപ്പോഴും പറയുമായിരുന്നു നാടകത്തിലൂടെയാണ് ഞാൻ തുടങ്ങിയത്. നാടകത്തെ ഒരിക്കലും എനിക്ക് മാറ്റി നിർത്താൻ കഴിയില്ലെന്ന്. 1958ലാണ് കൊച്ചിയിലെ അമേച്വർ നാടക സമിതി ഒരുക്കിയ പള്ളിക്കുറ്റം നാടകത്തിന് വേണ്ടി മാഷ് ആദ്യമായി ഈണമിടുന്നത്. ഡോക്ടർ എന്ന വിഖ്യാത നാടകത്തിനാണ് ദേവരാജൻ മാഷിനൊപ്പം ആദ്യമായി ഹാർമോണിയം വായിച്ചത്.
പിന്നീട് പത്ത് വർഷക്കാലം കാളിദാസ കലാകേന്ദ്രം, പിന്നെ കെ.പി.എ.സി, വൈക്കം മാളവിക, ആലപ്പി തിയറ്റേഴ്സ്, തിരുവനന്തപുരം സൗപർണിക, സൂര്യസോമ, ചങ്ങനാശേരി ഗീഥ, മാനിഷാദ, സാംസ്ക്കാരിക തുടങ്ങിയ ട്രൂപ്പുകൾക്കൊപ്പവും പ്രവർത്തിച്ചു.
1500 ഓളം നാടകഗാനങ്ങൾക്ക് മാഷ് സംഗീതം നൽകി. സംഗീത നാടക അക്കാദമിയുടെ 16 അവാർഡുകളും ഒരു ഫെല്ലോഷിപ്പും ലഭിച്ചു.