കൊച്ചി: പാട്ടിന്റെ മല്ലികപ്പൂമണം മറഞ്ഞു. മലയാളത്തിന്റെ ഈണങ്ങളിൽ ഭാവഗാനങ്ങളുടെ മധുരഗന്ധം നിറച്ച എം.കെ. അർജുനൻ മാസ്റ്റർ ഓർമ്മയിലെ നിത്യശ്രുതിയായി. ഇരുനൂറോളം ചിത്രങ്ങളിലായി എഴുനൂറോളം ഗാനങ്ങളിലൂടെ അരനൂറ്റാണ്ടിലധികം ഈണങ്ങളുടെ ഇന്ദ്രധനുസ്സ് തീർക്കുകയും, മലയാളിയുടെ ഹൃദയത്തിൽ മധുര സംഗീതത്തിന്റെ തേൻകണം ചേർക്കുകയും ചെയ്‌ത അനശ്വര പ്രതിഭയ്‌ക്ക് 84 വയസായിരുന്നു. പള്ളുരുത്തിയിലെ വസതിയിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.
പള്ളരുത്തി പൊതുശ്‌മശാനത്തിൽ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം നടന്നു.
മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എസ്. സുനിൽകുമാർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. മകൻ അശോകൻ അന്ത്യകർമ്മങ്ങൾ ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് 10 പേർക്കു മാത്രമായിരുന്നു സംസ്‌കാര സ്ഥലത്തേക്ക് പ്രവേശനം. ലോക്ക് ഡൗൺ കാരണം അടുത്ത സുഹൃത്തുക്കൾക്കു പോലും എത്താനായില്ല. ഭാരതിയാണ് ഭാര്യ. രേഖ, നിമ്മി, കല, അനി എന്നിവർ മറ്റു മക്കൾ. മരുമക്കൾ: സുഗന്ധി, റാണി, ഡോ. മോഹൻദാസ്, അംബുജാക്ഷൻ, ഷൈൻ.
ഫോർട്ടു കൊച്ചി ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി 1936 മാർച്ച് ഒന്നിനാണ് ജനനം. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതോടെ ദരിദ്രമായ ബാല്യം. രണ്ടാം ക്ളാസിൽ പഠിത്തം നിറുത്തി കൂലിപ്പണിക്കു പോയിത്തുടങ്ങി. വീട്ടിലെ സ്ഥിതി കഷ്‌ടമായപ്പോൾ, ബന്ധുവായ രാമൻ വൈദ്യരുടെ സഹായത്തോടെ പഴനിയിലെ ജീവകാരുണ്യ ആശ്രമത്തിൽ തുടർപഠനം. അർജുനന്റെ സംഗീതവാസന തിരിച്ചറിഞ്ഞ ആശ്രമാധിപതിയാണ് പാട്ടു പഠിക്കാനയച്ചത്. എട്ടു വർഷം കഴിഞ്ഞ് മടക്കം. തുടർന്ന് നാടകസമിതികളിൽ.
ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി, ആലപ്പി തിയേറ്റേഴ്സ്, ഗീഥ തുടങ്ങിയ പ്രമുഖ നാടക സമിതികൾക്കു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി. നിരവധി ലളിതഗാനങ്ങൾക്കും ഈണം നൽകി. ജി. ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടത് സിനിമയിലേക്ക് വഴിതുറന്നു. ദേവരാജന്റെ ഗാനങ്ങൾക്ക് അർജുനൻ ഹാർമോണിയം വായിച്ചു. 1968- ൽ കറുത്ത പൗർണമി എന്ന ചിത്രത്തിലെ 'ഹൃദയമുരുകി നീ കരയില്ലെങ്കിൽ...' എന്ന ഗാനത്തിന് ഈണമിട്ട് സിനമയിലേക്ക്.
മലയാള ചലച്ചിത്രഗാനശാഖയിലെ ഏറ്റവും പ്രശസ്തമായ കൂട്ടുകെട്ടായ ശ്രീകുമാരൻ തമ്പി- എം.കെ. അർജുനൻ ടീമിൽ പുഷ്‌പിച്ചത് ഇരുന്നൂറ്റമ്പതിലധികം നിത്യഹരിത ഗാനങ്ങൾ. 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തിലെ 'പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു...' ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യഗാനം. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി തുടങ്ങിയവരുടെ നിരവധി ഗാനങ്ങൾക്കും സംഗീതം പകർന്നു.
2017 ൽ മികച്ച ചലച്ചിത്ര സംഗീത സംവിധായകനുള്ള സംസ്ഥാന ബഹുമതി എത്തിയത് ജയരാജിന്റെ 'ഭയാനകം' എന്ന ചിത്രത്തിനായി ശ്രീകുമാരൻ തമ്പി രചിച്ച പാട്ടുകൾക്ക്. കസ്‌തൂരി മണക്കുന്നല്ലോ, മല്ലികപ്പൂവിൻ മധുരഗന്ധം, മാനത്തിൻ മുറ്റത്ത്, യദുകുല രതിദേവനെവിടെ, നീലനിശീഥിനി,വാൽക്കണ്ണെഴുതി തുടങ്ങി, ഭാവലാവണ്യത്തിന്റെ വസന്തം വിരിയിച്ച നിരവധി ഗാനങ്ങൾ പിറന്നത് മാസ്റ്ററുടെ ഹാർമോണിയത്തിലാണ്.