jk1
ജെ.കെ. മേനോൻ

കൊച്ചി: കൊവിഡ് 19 ബാധയ്‌ക്കെതിരെ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പ്രവാസികളിൽ ആത്മവിശ്വാസം ഉണർത്തുന്നതാണെന്ന് ബെഹ്‌സാദ് ഗ്രൂപ്പ് ചെയർമാൻ ജെ.കെ മേനോൻ പറഞ്ഞു. പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്താണെങ്കിലും എന്റേതുൾപ്പെടെയുള്ളവരുടെ കുടുംബം നാട്ടിൽ സുരക്ഷിതരാണെന്നറിയുന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഒരു പൊസിറ്റീവ് എനർജിയുമുണ്ട്. ഖത്തറിൽ ആയിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരിൽ മലയാളികളും ഉൾപ്പെടും. രോഗബാധിതരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ ജനസാന്ദ്രതയേറിയ വ്യവസായ മേഖല പൂർണമായും ലോക്ക്ഡൗണിലാണ്. ക്വാറന്റൈൻ ചെയ്യപ്പെടുകയെന്നു പറഞ്ഞാൽ ഒരു ശിക്ഷാ നടപടിയെന്ന തരത്തിലാണ് ചിലരെടുക്കുന്നത്. സ്വയം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്ക് കൂടിയാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഇതിനായി സന്നദ്ധസംഘടനകളുമായി ഇത്തരക്കാർക്കായി ബോധവത്കരണവും കൗൺസലിംഗും നടത്തണം. ജോലി തേടി വന്ന നിരവധി പേർ ഇപ്പോൾ ഖത്തറിലുണ്ട്. അതുപോലെ പലരുടെ ബന്ധുക്കളുമുണ്ട്. ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം സജ്ജമാക്കുന്നത് ഗുണകരമാകുമെന്നും ജെ.കെ മേനോൻ മുഖ്യമന്ത്രിയോട് പറഞ്ഞു.

എം.എ യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ആശ ശരത്, ഒ.വി മുസ്തഫ, അൻവർ നഹ, പ്രമോദ് മങ്ങാട്, ഐസക് ജോൺ പട്ടാണി പറമ്പിൽ, ജോർജ് വർഗീസ്, വി.കെ അബ്ദു റുഫ്, പി.എം ജാബിർ, സി.വി. റപ്പായി, സാം പൈക്കോട്, അജിത് കുമാർ, പി. സുബൈർ, പി.വി. രാധാകൃഷ്ണപിള്ള, വർഗ്ഗീസ് കുര്യൻ, ഡോ. എം. അനിരുദ്ധൻ, ഡോ. മാധവൻ പിള്ള, കെ. അബ്ദുള്ള വാവ, ഇന്ദു വർമ്മ, നിസാർ, ടി. ഹരിദാസ്, അനിതാ പിള്ള, വി.എസ്. സമേഷ് കുമാർ, മുരളി തുമ്മാരകുടി, ബോബൻ മേനോൻ, ജോർജിയയിൽ നിന്ന് ജേക്കബ് തുടങ്ങിയവരും വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുത്തു...