തൃശൂർ: ശക്തൻ മാർക്കറ്റിലും വടക്കാഞ്ചേരിയിലും ഭക്ഷ്യസുരക്ഷ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 50 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പഴകിയ മീൻ വിൽപ്പനയ്ക്ക് എത്താൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.
ലോക്ക് ഡൗൺ മൂലം ഭൂരിഭാഗം സ്ഥലത്തും മത്സ്യബന്ധനം നടക്കുന്നില്ല. നേരത്തെ സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം വിൽപ്പന നടത്തുന്നുവെന്ന പരാതിയും വ്യാപകമായതോടെയാണ് പരിശോധന കർശനമാക്കിയത്. ഇന്നലെ പുലർച്ചെ ശക്തൻ മാർക്കറ്റിൽ 13 കടകളിൽ പരിശോധന നടത്തി. 50 കിലോയോളം വരുന്ന ചൂര മീനാണ് നശിപ്പിച്ചത്. പ്രധാനമായും കടൽ മീനുകളിലാണ് പഴക്കം കണ്ടെത്തിയത്.
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഫിഷ് സ്റ്റാളിൽ നടത്തിയ പരിശോധനയിൽ അഴുകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്ത ഫിഷ് സ്റ്റാളിനു നോട്ടീസ് നൽകി. ഫുഡ് സേഫ്ടി ഓഫീസർമാരായ വി.കെ. പ്രദീപ് കുമാർ, കെ.കെ. അനിലൻ, രേഷ്മ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശശി, വൈകുണ്ഠൻ, സുജി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.