മൂവാറ്റുപുഴ: വേനൽ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ മൂവാറ്റുപുഴയിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് അറിയിച്ചു. വേനൽ മഴയ്‌ക്കൊപ്പം ആഞ്ഞ് വീശിയ കാറ്റിൽ മൂവാറ്റുപുഴ, പായിപ്ര, ആയവന, ആവോലി, മഞ്ഞള്ളൂർ, ആരക്കുഴ, മാറാടി, വാളകം പഞ്ചായത്തുകളിലാണ് ഞായറാഴ്ച വൈകിട്ട് വ്യാപകമായി കൃഷി നാശമുണ്ടായത്. ഏറ്റവും കൂടുതൽ നാശമുണ്ടായത് വാഴ കൃഷിക്കാണ്. 8000 കുലച്ചതും അല്ലാത്തതുമായ വാഴകൃഷിയാണ് കാറ്റിൽ നശിച്ചത്. ഇതോടൊപ്പം റബറും, ജാതി, കുടംപുളി അടക്കമുള്ള കൃഷിയും കാറ്റിൽ നശിച്ചു. വിഷു വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന വാഴകളും പച്ചക്കറി കൃഷിയും കാറ്റിൽ നശിച്ചു. വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിലാക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ കൃഷി വകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടു.കൃഷി നാശം സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോട്ടോയെടുത്ത് സൂക്ഷിക്കണം
ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ നാശനഷ്ടം സംഭവിച്ച കർഷകർ കൃഷിയുടെ ഫോട്ടോയെടുത്ത് സൂക്ഷിക്കണമെന്നും നിയന്ത്രണങ്ങൾക്ക് ശേഷം അപേക്ഷകൾ നൽകിയാൽ മതിയെന്നും നാശനഷ്ടം സംഭവിച്ച കർഷകരെയും കർഷക സമിതികളെയും വാർഡ് മെമ്പർമാരെയും അറിയിച്ചിട്ടുണ്ടന്നുംകൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് അറിയിച്ചു.
. കൊവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ കർഷകർ ഏറെ ദുരിതമനുഭവിക്കുന്ന സമയത്ത് കൃഷി നാശവും ഇരുട്ടടിയായി. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കിയാൽ ദുരിതത്തിലായ കർഷകർക്ക് ആശ്വാസമാകും
എൽദോഎബ്രഹാംഎം.എൽ.എ