കൊച്ചി: സിനിമയിൽ വരുന്നതിന് മുമ്പ് ഞാൻ നാടകത്തിൽ അഭിനയിച്ചിരുന്നു. പ്രതിഭ ആർട്സ് ക്ള്ബിന്റെ മൂലധനം എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. കെ.പി.എ.സിയുമായി തെറ്റിപ്പിരിഞ്ഞ് ഒ. മാധവൻ കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതി രൂപീകരിച്ചപ്പോൾ ഞാനും അവർക്കൊപ്പം ചേർന്നു. നടനും എം.എൽ.എയുമായ മുകേഷിന്റെ അച്‌ഛനാണ് ഒ. മാധവൻ.കാളിദാസ കലാകേന്ദ്രത്തിൽ വച്ചാണ് എം.കെ. അർജുനനെ പരിചയപ്പെടുന്നത്. ഹാർമ്മോണിസ്റ്റായാണ് ജോലി ചെയ്തിരുന്നത്. അർജു എന്നാണ് ഞാൻ വിളിച്ചിരുന്നത്. എന്നെക്കാൾ കുറച്ചു പ്രായക്കൂടുതൽ ഉണ്ടെങ്കിലും അർജു എന്നെ ചേച്ചിയെന്നും വിളിച്ചു. അതു പോലൊരു പാവത്തിനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. സാധു എന്നു പറഞ്ഞാൽ പോരാ മഹാസാധു. വളരെ പതിയെയാണ് സംസാരം. ഉറക്കെ സംസാരിച്ച് ഒരിക്കലും കേട്ടിട്ടില്ല. നാടകത്തിനായുള്ള ബസ് യാത്രയ്ക്കിടയിൽ ചിലപ്പോൾ ഞങ്ങൾക്ക് ഒരു സീറ്റിൽ ഇരിക്കാൻ അവസരം കിട്ടും. അപ്പോൾ അർജു ധാരാളം പാട്ടുപാടും. ഹിന്ദി ഗാനങ്ങൾ അസ്സലായി പാടിയിരുന്നു. ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാം കഴിഞ്ഞിരുന്നത്. എന്തൊരു കാലമായിരുന്നു അത്. സിനിമയിൽ അവസരങ്ങൾ കൂടിയപ്പോൾ ഞാൻ താമസം ചെന്നൈയിലേക്ക് മാറ്റി. എങ്കിലും സൗഹൃദത്തിന് കുറവുണ്ടായില്ല. പിന്നീട് ഞാൻ ആലുവയിൽ സ്ഥിരതാമസമാക്കിയ ശേഷം അർജു ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. ഞാൻ അങ്ങോട്ടും പോകും. കൊവിഡ് കാലമായതിനാൽ അർജുവിനെ അവസാനമായി ഒന്നുകാണാൻ കഴിയാത്തതിൽ വല്ലാത്ത സങ്കടമുണ്ട്. മരണം എപ്പോൾ വരുമെന്ന് ആർക്കു പറയാൻ കഴിയും.