കൊച്ചി : 400ലധികം ഫോൺ കോളുകൾ. ജില്ലയിലെ കൊറോണ കൺട്രോൾ റൂമിലേക്ക് ഒരു ദിവസം എത്തുന്ന കോളുകളുടെ എണ്ണമാണിത്. ഭൂരിഭാഗവും ആകുലതകൾ അകറ്റാനുള്ള ഇതരസംസ്ഥാന തൊഴിലാളികളുടേതാണ്. ഇങ്ങനെ, എത്ര വിളികൾ വന്നാലും സാന്ത്വനത്തിന്റെയും കരുതലിന്റെയും ഭാഷയിൽ ഓരോ കാര്യങ്ങളും ചോദിച്ചറിഞ്ഞ് അവർക്ക് ധൈര്യം നൽകുന്ന ഒരാളുണ്ട്. ഒരിക്കലും മുഖത്ത് നിന്ന് മായാത്ത പുഞ്ചിരിയോടെ ഓരോ വിളിയുടെയും മറുതലക്കൽ ഉത്തരം പറയുന്ന ആ ആശ്വാസത്തിന്റെ പേരാണ് സുപ്രിയ ദേബ്‌നാഥ്.
ഒഡിയ, ബംഗാളി, ആസാമീസ്, ഹിന്ദി, ബംഗ്ലാദേശി, മലയാളം തുടങ്ങിയ ആറു ഭാഷകൾ സുപ്രിയ അനായാസമായി കൈ കാര്യം ചെയ്യും. ജില്ല ഭരണകൂടത്തിന്റെ മൈഗ്രന്റ് ലിങ്ക് വർക്കർ ആയി കൺട്രോൾ റൂമിൽ പ്രവർത്തന സജ്ജയാണ് സുപ്രിയ ഇപ്പോൾ. അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒഡിഷയിലെ കേന്ത്രപാരാ ജില്ലയിൽ നിന്നും ഭർത്താവ് പ്രശാന്ത് കുമാർ സമലിനൊപ്പം കേരളത്തിൽ എത്തിയതാണ് സുപ്രിയ ദേബ്‌നാഥ്. പഠിക്കാനുള്ള ആഗ്രഹവും പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളും ആയിരുന്നു കൈ മുതൽ. അങ്ങനെയിരിക്കെയാണ് സർവ ശിക്ഷ അഭിയാൻ അതിഥി തൊഴിലാളികളുടെ മക്കൾക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ സാധിക്കുന്ന തരത്തിൽ വിദ്യാലയങ്ങളിൽ സൗകര്യമൊരുക്കുന്നത്. ആ തീരുമാനം സുപ്രിയയെ അധ്യാപികയാക്കി. വർഷങ്ങളായി മലയിടം തുരുത്ത് ജി. എൽ. പി. സ്‌കൂളിലെ അദ്ധ്യാപികയാണ് സുപ്രിയ. ഒപ്പം സർക്കാരിന്റെ രോഷ്‌നി പദ്ധതിയുടെ ഭാഗമായി എഡ്യൂക്കേഷൻ വോളന്റിയറുടെ വേഷത്തിലേക്ക്. ഓരോ ചുമതലകളും അങ്ങേയറ്റം ആത്മവിശ്വാസത്തോടെയും സമർപ്പണത്തോടെയും സുപ്രിയ ഏറ്റെടുത്തു.
അവധി കാലത്ത് സ്വദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൊവിഡ് വ്യാപകമാകുന്നത്. അതോടെ യാത്രയോട് തത്കാലം ബൈ പറഞ്ഞു സുപ്രിയ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി പ്രത്യേക കൺട്രോൾ റൂം തുടങ്ങുന്നത് അറിഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ മൈഗ്രന്റ് ലിങ്ക് വർക്കർ എന്ന ചുമതല ഏറ്റെടുത്തു. അങ്ങനെ അവധി കാലത്തോട് തിരക്കിട്ട പ്രവർത്തി ദിവസങ്ങൾകൊണ്ട് സുപ്രിയ മറുപടി കൊടുത്തു.ക്യാമ്പുകളിലെയും മറ്റും ഭക്ഷണ വിതരണം സംബന്ധിച്ച ചോദ്യങ്ങളാണ് കൺട്രോൾ റൂമിൽ കൂടുതലായി വരുന്നതെന്ന് സുപ്രിയ പറയുന്നു. ചിലപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിളിയെത്തും. അവർക്ക് പക്ഷേ അറിയേണ്ടത് കൊവിഡ് കാലത്ത് എങ്ങനെ സുരക്ഷിതമായി ഇരിക്കണം എന്ന വിവരങ്ങൾ ആണ്.
നാലു വയസുകാരി ശുഭസ്മിതയും ഭർത്താവ് പ്രശാന്ത് കുമാറും അടങ്ങുന്നതാണ് സുപ്രിയയുടെ കേരളത്തിലെ ലോകം. കൊവിഡ് കടന്നു ചെല്ലുന്ന പുതിയ അദ്ധ്യായാന വർഷത്തിൽ ടീച്ചറിനൊപ്പം വിദ്യാർത്ഥി കൂടി അവനുള്ള തയ്യാറെടുപ്പിലാണ് സുപ്രിയ. പന്ത്രണ്ടാം ക്ലാസ്സിൽ അവസാനിച്ച വിദ്യാഭ്യാസം വീണ്ടെടുക്കണം എന്നതാണ് ലക്ഷ്യം. ഹിന്ദിയിൽ ബിരുദം ചെയ്യാനാണ് സുപ്രിയക്ക് ആഗ്രഹം. ഒപ്പം തന്റെ സ്‌കൂളിലെ കുട്ടികളുടെ പ്രിയ ടീച്ചർ ആയി തുടരാനും.