കൊച്ചി:പഴ്‌സണൽ പ്രോട്ടക്ഷൻ കിറ്റിന്റെ ലഭ്യതക്കുറവും ഉപയോഗിക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾക്കും 'വിസ്‌കി'ലൂടെ പരിഹാരം. വാക്ക് ഇൻ സാമ്പിൾ ക്രിയോസ്ക് അഥവാ വിസ്‌ക് എന്ന പുതിയ സംവിധാനത്തിൽ ആരോഗ്യപ്രവർത്തകർക്ക് രണ്ട് മിനിട്ടിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും.

അണുവിമുക്തമായി തയ്യാറാക്കപ്പെട്ട കിയോസ്‌കുകളിൽ സാമ്പിൾ ശേഖരിക്കുന്നവരുടെയും നൽകുന്നവരുടെയും സുരക്ഷക്കായി മാഗ്‌നെറ്റിക്ക് വാതിൽ, എക്‌സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ് ലൈറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാമ്പിൾ ശേഖരിച്ച ശേഷവും കിയോസ്‌കിൽ ക്രമീകരിച്ച കൈയുറയും സമീപമുള്ള കസേരയും അണുവിമുക്തമാക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം.

 സ്വന്തം വിസ്‌ക്

മെഡിക്കൽ കോളേജ് ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ, അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫിസറും കൺട്രോൾ റൂം നോഡൽ ഓഫീസറുമായ ഡോ. വിവേക് കുമാർ, ആർദ്രം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ് മേനോൻ, മെഡിക്കൽ കോളേജ് എ.ആർ.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് രൂപകൽപ്പനയ്ക്ക് പ്രവർത്തിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗവും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ടി.കെ.ഷാജഹാൻ സഹായ ഹസ്തവുമായി എത്തി. തുടർന്ന് രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു നൽകി. ദക്ഷിണ കൊറിയയിൽ സാമ്പിൾ ശേഖരണത്തിന് സ്വീകരിച്ച മാതൃകയാണ് ഇതിന് ആധാരം. 40,000 രൂപയാണ് നിർമാണചെലവ്.

പി.പി.ഇ കിറ്റുകൾ കൂടുതൽ സമയമണിഞ്ഞു നിൽക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടാക്കും. ആയിരം രൂപയോളം വിലയുള്ള കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

 ആശുപത്രികൾ
ഐസൊലേഷൻ വാർഡുകളുള്ള എറണാകുളം മെഡിക്കൽ കോളേജ്, മൂവാറ്റുപുഴ ജനറൽ ആശുപത്രി, സാമ്പിൾ ശേഖരണ സംവിധാനങ്ങളുള്ള ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും അനുവാദമുള്ള സ്വകാര്യ ആശുപത്രികളിലുമാണ് വിസ‌്ക് സംവിധാനം ഒരുക്കുന്നത്. ആദ്യ കിയോസ്‌കുകൾ എറണാകുളം ജില്ല കളക്ടകർ എസ്. സുഹാസിന് നിർമ്മാതാക്കൾ കൈമാറി.

കൊവിഡ് കിയോസ്‌ക്ക് താത്ക്കാലികമായി സ്ഥാപിച്ച് വലിയ തോതിൽ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും.

രോഗി ആശുപത്രിയിൽ എത്തേണ്ടതില്ല.

ആരോഗ്യ പ്രവർത്തകർ സുരക്ഷ കിറ്റുകൾ ധരിക്കേണ്ടതില്ല. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തി സാമ്പിൾ ശേഖരിക്കാം

റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും സഹാകമാകും.