plat

കൊച്ചി :പ്രമുഖ സമുദ്രശാസ്ത്രജ്ഞനും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) ജവഹർലാൽ നെഹ്രു സയൻസ് ഫെല്ലോയുമായിരുന്ന പ്രൊഫ. ട്രെവർ ചാൾസ് പ്ലാറ്റ് ( 78) അന്തരിച്ചു. ലണ്ടനിലെ യു.കെ റോയൽ സൊസൈറ്റി ഫെല്ലോയായ (എഫ്.ആർ.എസ് )അദ്ദേഹം, വിദേശ ശാസ്ത്ര പ്രതിഭകൾകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപെടുത്തിയ ജവഹർലാൽ നെഹ്രു സയൻസ് ഫെലോഷിപ്പ് ലഭിച്ചതിന് ശേഷമാണ് 2014 മുതൽ സി.എം.എഫ്.ആർ.ഐയുടെ ഭാഗമാകുന്നത്.

ഇകോളജിക്കൽ ഓഷ്യനോഗ്രാഫി, റിമോട് സെൻസിംഗ് മേഖലകളിലെ ഗവേഷണങ്ങളിൽ മികവ് പുലർത്തിയ അദ്ദേഹം കടലിലെ പ്ലവകങ്ങളുടെ ഉൽപാദനക്ഷമത കണ്ടെത്തുന്നതിനുള്ള മോഡൽ വികസിപ്പിച്ചതിലൂടെയാണ് ലോക ശ്രദ്ധ നേടുന്നത്. സമുദ്ര മത്സൃ മേഖലയിലെ നിരവധി ഗവേഷണങ്ങൾക്ക് ഏറെ പ്രയോജനകരമായ നേട്ടമായിരുന്നു ഇത്. ഉപഗ്രഹ മാപ്പിംഗ് ഉപയോഗിച്ച് കടലിന്റെ നിറവൃത്യാസങ്ങളിലൂടെ പ്ലവകങ്ങളുടെ ഉൽപാദനക്ഷമത കണ്ടെത്താനുള്ള സംവിധാനം അദ്ധേഹം വികസിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സമുദ്ര മത്സ്യമേഖലയിലെ സി.എം.എഫ്.ആർ.ഐയുടെ ഗവേഷണ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ പങ്കാളിയായിരുന്നു. ഇന്ത്യയിലെ സമുദ്രശാസ്ത്രജ്ഞർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും പരിശീലനവും നൽകിയിരുന്നു. ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ മത്സൃ മേഖലയിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള നിരവധി രാജ്യാന്തര പദ്ധതികളുടെ ഭാഗമായിരുന്നു അദ്ദേഹം.

കാനഡയിലെ ബെഡ് ഫോർഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി, യൂണിവേഴ്‌സിറ്റി ഓഫ് ടൊറോണ്ടോ, യുകെയിലെ പ്ലിമത് മറൈൻ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായി ബയോളജിക്കൽ ഓഷ്യനോഗ്രാഫി തലവൻ, എക്‌സികുട്ടീവ് ഡയറക്ടർ, എമിററ്റസ് സയന്റിസ്റ്റ്, പ്രൊഫ സേറിയൽ ഫെല്ലോ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യു.കെയിൽ പ്ലിമത് മറൈൻ ലബോറട്ടറിയിൽ പ്രവർത്തിച്ചു വരുമ്പോഴാണ് ജവഹർലാൽ നെഹ്രു സയൻസ് ഫെലോഷിപ്പിന്റെ ഭാഗമായി സി.എം.എഫ്.ആർ.ഐയിലെത്തുന്നത്. ഇന്തോ മാരിക്ലൈം ഗവേഷണപദ്ധതിയുടെ ഭാഗമായി നാൻസൺ എൺവയൺമെന്റൽ റിസർച്ച് സെന്റർ ഇന്ത്യയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയുടെ കൊച്ചി കേന്ദ്രത്തിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.