ചെന്നൈ: കൊവിഡിനെ തുരത്താൻ വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്താനൊരുങ്ങുകയാണ് തമിഴ്നാട് സർക്കാർ. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പരിശീലനം ലഭിച്ച 16,000 പേർ ചെന്നൈയിൽ വീടുതോറും കയറിയിറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കർശന സുരക്ഷയോടെ പരിശീലനം ലഭിച്ചവർ ചെന്നൈയിലെ ഓരോ വീടുകളിലും എത്തി കുടുംബാഗങ്ങളെ വൈറസ് പരിശോധന നടത്തി ദിവസേന റിപ്പോർട്ട് സമർപ്പിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ചെന്നൈ നിവാസികളെ 24x7 നിരീക്ഷിച്ച് ദിവസേന റിപ്പോർട്ടുകൾ സമർപ്പിക്കും. പദ്ധതിയിലൂടെ അടുത്ത 90 ദിവസത്തിനുള്ളിൽ 10 ലക്ഷം കെട്ടിടങ്ങളിലെ താമസക്കാരെ നിരീക്ഷിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ചെന്നൈയിൽ ഇതുവരെ എൺപത്തിയെട്ട് പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്നലെ തമിഴ്നാട്ടിൽ മരണമടഞ്ഞിരുന്നു.ഇതോടെ സംസ്ഥാനത്ത് രോഗബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സമ്മേളനത്തിൽ പങ്കെടുത്ത 73 പേർ കൊവിഡ് 19 ന് പോസിറ്റീവാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ സ്ഥിരീകരിച്ച കേസുകൾ 485 ആയി. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് സംസ്ഥാനം. മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിൽ 635 രോഗബാധിതരുമായിട്ടുണ്ട്. ഇവരിൽ 437 പേർ ഡൽഹിയിൽ പങ്കെടുക്കുന്നവരാണ്. പങ്കെടുത്ത 1,500 പേരിൽ 1,200 പേരെ സംസ്ഥാനത്തൊട്ടാകെ പരിശോധനയ്ക്ക് വിധേയരാക്കി ആശുപത്രി നിരീക്ഷമത്തിലാക്കിയിട്ടുണ്ടെന്ന്, ”ആരോഗ്യ സെക്രട്ടറി ഡോ. ബീല രാജേഷ് പറഞ്ഞു.
ഓരോ കൊവിഡ് രോഗബാധയുള്ള രോഗിയുടെയും വീടിന് ചുറ്റും 5 കിലോമീറ്റർ ചുറ്റളവിൽ എല്ലാ വീടുകളിലും വീടുതോറും പരിശോധന നടത്തി അയ്യായിരത്തോളം ആരോഗ്യ ഉദ്യോഗസ്ഥർ ജില്ലകളിൽ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. രോഗലക്ഷണങ്ങളുള്ളവരെ ഹോം ക്വാറന്റൈൻ അല്ലെങ്കിൽ ആശുപത്രി നിരീക്ഷണത്തിലാക്കുന്ന നടപടികൾ ഊർജ്ജിതമായി നടന്നു വരികയാണ്.