മൂവാറ്റുപുഴ: കൊവിഡ്-19 വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലീലയുടെ കഞ്ഞികടയും പൂട്ടി. മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് ജംഗ്ഷനിൽ 74 പിന്നിട്ട ലീല നടത്തുന്ന കഞ്ഞിക്കടക്ക് പൂട്ട് വീണതോടെ ലീല വീട്ടിൽ ലോക്കായി . ലാഭം നോക്കാതെ താനും സഹായി ശോഭനയും ജീവിച്ചു പോകുന്നത് ഈ കഞ്ഞികട നടത്തിയാണ് . ചുരുങ്ങിയ തുകമാത്രം ഇൗടാക്കി വയർനിറയെ കഞ്ഞി കൊടുക്കുന്ന ലീല നഗരവാസികൾക്കെല്ലാ ചേച്ചിയായിരുന്നു.തൃക്കളത്തൂരിൽ പുരാതന ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ലീല 17-ാം വയസിൽ സ്വന്തം ഇഷ്ടപ്രകാരം പേഴയ്ക്കാപ്പിളളി ആലുംചുവട്ടിൽ ചന്ദ്രശേഖരൻ നായരെ മിശ്ര വിവാഹം ചെയ്തു . ചന്ദ്രശേഖരൻ നായർ മരിച്ചതിനു ശേഷം ലീല ഒറ്റക്കാണ് താമസം. മൂവാറ്റുപുഴ ഇ.ഇ.സി ബെെപാസ് റോഡ് സെെഡിൽ ഷീറ്റ് കൊണ്ട് മേഞ്ഞതും ഷീറ്റുകൊണ്ടു തന്നെ മറച്ചതുമായ കടയായിരുന്നു ലീലയുടെ ജീവിതം. എല്ലാവരും തന്നിൽ നിന്ന് അകന്നപ്പോഴും ആത്മ വിശ്വാസം കെെവിടാതെ ലീല മുന്നോട്ട് നീങ്ങി. ജീവിക്കാനുളള വഴി എന്തെന്ന് ആലോചിച്ചപ്പോഴാണ് 10 വർഷം മുമ്പ് കഞ്ഞികടയെന്ന ആശയം മനസിൽവന്നത്. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ച കഞ്ഞികടയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ആരേയും ആശ്രയിക്കാതെ ജീവിക്കാമെന്ന് ആത്മവിശ്വാസത്തിന് ആക്കം കൂട്ടി . കഷ്ടിച്ചു ജീവിച്ചു പോകുന്നതിനുള്ള വരുമാനം മാത്രമാണ് കഞ്ഞികടയിൽ നിന്ന് ലഭിച്ചിരുന്നത്. ഇതിനിടയിലാണ് കൊവിഡ് -19നെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാർച്ച് 20 ന് കഞ്ഞികട അടച്ചുപൂട്ടി വീട്ടിലേക്ക് വന്നതാണ്. കെെവശമുണ്ടായിരുന്ന നീക്കിയിരിപ്പുകളെല്ലാം തീർന്നു. സർക്കാരിൻ്റെ റേഷനാണ് ഇപ്പോൾ ആശ്രയം . പായിപ്രയിലെ കൊച്ചു വീട്ടിൽ ജീവിതം തള്ളി നീക്കുമ്പോൾ ലോക്ക് ഡൗണിനു ശേഷം എന്ത് എന്ന ചിന്തയിലാണ്. കൊവിഡ് രോഗ ഭീതിയിൽ കഴിയുന്ന നഗരവാസികൾക്കു നടുവിൽ പ്രവർത്തിക്കുന്ന കഞ്ഞികട എങ്ങനെ തുറക്കുമെന്നും തുറന്നാൽ എന്ത് അവസ്ഥായായിരിക്കുമെന്ന ചിന്തയിലാണ് ലീല.