പറവൂർ : അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം ഭൂരിപക്ഷം ബാർ ഹോട്ടൽ തൊഴിലാളികൾക്കും ലഭിക്കില്ലെന്ന് പരാതി. 5,000 രൂപ ധനസഹായമായും 10,000 രൂപ പലിശരഹിത വായ്പയായും സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 35,000 തൊഴിലാളികൾ നേരിട്ടും 15,000 പേർ കരാർ വ്യവസ്ഥയിലും 10,000 അന്യസംസ്ഥാന തൊഴിലാളികൾ ദിവസവേതനത്തിലുമാണ് ബാർ ഹോട്ടലുകളിൽ ജോലി ചെയ്യുന്നത്.
ഈ മേഖലയിലെ തെഴിലാളികൾക്ക് പ്രഖ്യാപിതസഹായം ലഭിക്കുന്നത് ക്ഷേമനിധി ബോർഡിന്റെ അംഗത്വ പരിധിയിലുള്ള നൂറിൽ താഴെമാത്രമുള്ളവർക്കാണ്. ക്ഷേമനിധി ബോർഡിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥയുമാണ് സർക്കാർ സഹായത്തിൽ നിന്ന് തൊഴിലാളികളെ അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാക്കിയത്. ക്ഷേമനിധി ബോർഡിന്റെ ബൈലായിലെ അപാകതമൂലം ബാർ ഉടമകളും അവരുടെ ആശ്രിതരും അംഗത്വത്തിൽ കടന്നുകൂടുകയാണ്. വകുപ്പു മന്ത്രിക്കും ബോർഡ് ചെയർമാനും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിയെങ്കിലും പരിഹാരമില്ല.
ലോക്ക് ഡൗൺ കാലയളവിൽ ദിവസവേതനക്കാർ ഉൾപ്പെടെയുള്ളവർക്ക് ബാർ ഉടമകളുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കാനാവശ്യമായ സർക്കാർ നിർദ്ദേശം ഉണ്ടാകണമെന്നും തൊഴിൽ നഷ്ടമായ മുഴുവൻ ബാർ ഹോട്ടൽ തൊഴിലാളികൾക്കും ആശ്വാസമായി പ്രത്യേക സഹായം സർക്കാർ അനുവദിക്കണമെന്നും കേരള ബാർ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എസ്. ശർമ്മ എം.എൽ.എ, സെക്രട്ടറി ദീബു മംഗലശേരി എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.