കൊച്ചി: സംഗീത സംവിധായകൻ എന്നതിലുപരി എം.കെ അർജ്ജുനൻ എന്ന വ്യക്തിയെ ഓർത്തെടുക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ജോൺ​ പോൾ.

കള്ളിന്റെ മണം ഇഷ്ടമല്ലാത്തതു കൊണ്ട് ചന്ദനത്തിരി കത്തിച്ചുവച്ച് മദ്യപിച്ചു അർജുനൻ മാസ്റ്റർ. അതുതന്നെ പറയും ആ മനുഷ്യൻ എത്രത്തോളം വ്യത്യസ്തനാണെന്ന്. അദ്ദേഹത്തോടുള്ള ബന്ധത്തിന് കുട്ടിക്കാലത്തോളം പഴക്കമുണ്ട്. കതൃക്കടവിലായിരുന്നു ഞങ്ങളുടെ താമസം. വീടിന്റെ എതിർവശത്തെ കൊങ്കിണി കുടുംബത്തി​ന്റെ ഒരു ഷെഡി​ൽ ആരോ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ചില വൈകുന്നേരങ്ങളിൽ അവിടെ കുറച്ച് പേർ വരും.താടി വെച്ച രണ്ടുപേർ, അല്ലാത്ത കുറച്ച് പേർ, അങ്ങനെ. അവർ വരുന്ന ദിവസങ്ങളിൽ പുലർച്ചെ വരെയൊക്കെ പാട്ടുകേൾക്കാം. പഴയ നാടകഗാനങ്ങൾ. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഏതോ പാട്ടിന്റെ റെക്കാഡിംഗ് നടക്കുമ്പോൾ ഗായകൻ ആന്റോയ്ക്ക് എന്നെ ആരോ പരിചയപ്പെടുത്തി. എനിക്കറിയാം, മാഷിന്റെ മോനല്ലേ, നിങ്ങളുടെ എതിർവശത്ത് ഞങ്ങൾ കുറച്ചുനാൾ താമസിച്ചിട്ടുണ്ട് എന്നായിരുന്നു മറുപടി. അപ്പോഴാണ് ഞാനറിയുന്നത് അന്ന് വരാറുണ്ടായിരുന്ന രണ്ട് താടിവേഷങ്ങളിൽ ഒന്ന് എം.കെ അർജുനനാണെന്നും മറ്റേത് ജെ.സി കുറ്റിക്കാട്ടാണെന്നുമൊക്കെ.. പിന്നീട് ആലോചിക്കുമ്പോൾ എനിക്ക് വലിയ നഷ്ടബോധം തോന്നിയിട്ടുണ്ട്. അന്നേ അവരെ പോയി പരിചയപ്പെടാതിരുന്നതിൽ.

അതീവ ഗുരുഭക്തി ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. ദേവരാജൻ മാസ്റ്ററുടെ മനസിന്റെ ശ്രുതി ചേർന്നുനിന്ന സഹായിയും. ഒരിക്കൽ സംവിധായകൻ മോഹനും ഞാനും മദ്രാസിൽ മഹാലിംഗപുരത്തിനടുത്തെ ജംഗ്ഷനിൽ നിൽക്കുമ്പോൾ അർജുനൻ മാസ്റ്റർ എതിരെ വന്നു. ചുണ്ടിൽ ഒരു ബീഡി. ഞങ്ങളും ഓരോ ബീഡി വാങ്ങി വലിച്ചു. അപ്പോഴതാ ദൂരെ നിന്ന് കത്തുന്ന ചൂടിലും മഫ്ളർ കെട്ടി ദേവരാജൻ മാസ്റ്റർ വരുന്നു. ഉടൻ തന്റെയും ഞങ്ങളുടെയും ബീഡികൾ പി​ടി​ച്ചുവാങ്ങി​ നിലത്തിട്ടുരച്ച് കെടുത്തി, ബീഡിക്കെട്ടും തീപ്പെട്ടിയും എന്റെ ഷർട്ടിന്റെ പോക്കറ്റിലേക്ക് തിരുകി അർജുനൻ മാസ്റ്റർ. പിന്നീടൊരിക്കൽ എന്റെ സിനിമയിൽ ഒരു പാട്ടിന് ഒ.എൻ.വി കുറുപ്പിനെ കൊണ്ട് വരികളെഴുതിച്ച് അർജുനൻ മാസ്റ്ററെ കൊണ്ട് ചിട്ടപ്പെടുത്താൻ തീരുമാനിച്ചു. ഞങ്ങൾ ഹോട്ടൽ മുറിയിൽ കാത്തിരുന്നു. കുറച്ച് കഴിഞ്ഞ് എത്തിയ അർജുനൻ മാസ്റ്റർ എന്നെ താഴേക്ക് വിളിപ്പിച്ചു. താൻ മദ്യപിച്ചിട്ടുണ്ടെന്നും ഒ.എൻ.വി സാറിന് മുന്നിലേക്ക് ആ കോലത്തിൽ വരില്ലെന്നും പറഞ്ഞു. മദ്യപിച്ചതായി തോന്നില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ, അങ്ങനെ മറ്റാർക്കും തോന്നിയില്ലെങ്കിലും മദ്യിപിച്ചുവെന്ന് തനിക്കറിയാം എന്നായിരുന്നു മറുപടി. ഗുരുക്കന്മാരുടെ മുന്നിൽ ലഹരി പാടില്ല എന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നു അദ്ദേഹത്തിന്.