പിറവം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പിറവം വില്ലേജ് ഓഴീസർ കെ.എസ്. ഹരിയെ വഴിയിൽ തടയുകയും കേസ് എടുക്കുകയും ചെയ്ത വെള്ളൂർ പൊലീസിനതിരെ മൂവാറ്റുപുഴ തഹസിൽദാർ മധുസൂധനൻ നായർ ജില്ലാ കളക്ടർ എസ്. സുഹാസിനും റവന്യൂ അധികാരികൾക്കും പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഏഴോടെ അന്യ സംസ്ഥാന ത്തൊഴിലാളികൾക്ക് ഭക്ഷണം കൊടുക്കുന്നതുൾപ്പെടെയുള്ള ജോലി പൂർത്തിയാക്കി മടങ്ങിയ പിറവം വില്ലേജ് ഓഫീസർ കെ.സി.ഹരിയെയാണ് മുളക്കുളം അമ്പലപ്പടിയിൽ വെള്ളൂർ പൊലീസ് എ.എസ്.ഐയും ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസും ചേർന്ന് തടഞ്ഞത്.

പിറവം വില്ലേജ് ഓഫീസറാണ് താനെന്നും വെളളൂർ വരിക്കാംകുന്നിലാണ് വീടെന്നും പറഞ്ഞിട്ടും വിടാൻ കൂട്ടാക്കാത്ത വില്ലേജ് ഓഫീസർക്ക് ഇത്ര വൈകിയെന്താ പണി എന്ന് ചോദിച്ച് തട്ടിക്കയറുകയായിരുന്നു വെന്നുവെന്നാണ് ആക്ഷേപം .തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. ആളുകൾ കൂടിയതോടെ വിട്ടയച്ചെങ്കിലും പിറ്റേദിവസം പൊലീസ് കേസെടുത്തു. പിറവം നഗരസഭ കൗൺസിലർമാരായ അജേഷ് മനോഹർ, മുകേഷ് തങ്കപ്പൻ എന്നിവരെത്തിയാണ് ജാമ്യം എടുത്തു.

#പൊലീസിനെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി

പിറവം വില്ലേജ് ഓഴീസറെ തടഞ്ഞുവച്ച സംഭവത്തിൽ വെള്ളൂർ പൊലീസ് അധികാരികൾക്കെതിരെ നടപടി ഉടനെന്ന് റവന്യൂ മന്ത്രി കെ.ചന്ദ്രശേഖരൻ. ഇത്തരം സംഭവം പൊലീസ് സേനയ്ക്കു തന്നെ അവമതിപ്പാണ്. മുഖ്യ മന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും, റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുള്ള അവസരമൊരുക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.