piravom
ഇനി അവർ പാലുകുടിക്കട്ടെ പദ്ധതി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിറവം: മദ്യത്തിന് പകരം പാൽകുടിച്ചാലോ... എന്റെ പാമ്പാക്കുട കൂട്ടായ്മ മദ്യപാനികൾക്കിടയിൽ പുതിയൊരു പരീക്ഷണത്തിലാണ്.

പ്രദേശത്തെ മദ്യാസക്തരെ തേടിപ്പിടിച്ച്

15 ദിവസത്തേക്ക് സൗജന്യമായി ഓരോ ലിറ്റർ പാലും പോഷകാഹരങ്ങളും നൽകുന്നു.

ചിലരെ മെഡിക്കൽ ഓഫീസറുടെ അടുത്തെത്തിച്ച് കൗൺസിലിംഗ് ഏർപ്പാടാക്കി.

ദിവസവും രാവിലെ ഏഴരയ്ക്കു പാമ്പാക്കുട ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പാൽ വാങ്ങാം. ഓരോ ലിറ്റർ പാലിനൊപ്പം രണ്ട് പാക്കറ്റ് റസ്ക്കും സൗജന്യമായി നൽകും.

പാമ്പാക്കുട ക്ഷീര സംഘത്തിൽ വച്ചു നടന്ന ചടങ്ങ് അനൂപ് ജേക്കബ് എം.എൽ.എയാണ് ഉദ്‌ഘാടനം ചെയ്തത്. സംഘം പ്രസിഡന്റ് ബിജു ഇരട്ടകുളങ്ങര, കൂട്ടായ്മ സെക്രട്ടറി ബേബി പീലിപ്പോസ്, അശോക് പി തോമസ്, ഫിലിപ്പ് ഇരട്ടിയാനിക്കൽ, രാധാ നാരായണൻകുട്ടി എന്നിവരും സംബന്ധിച്ചു.

#ഇനി ഞാൻ മദ്യം കഴിക്കില്ല

പതിനാറാം വയസില്‍ ജോലിക്കിറങ്ങിയത് മുതൽ മദ്യം കഴിക്കും. ലോക്ക് ഡൗൺ കാരണം ബിവറേജസ് ഷോപ്പുകളും ബാറുകളം പൂട്ടിയപ്പോൾ ആകെ ദേഷ്യവും സങ്കടവുമായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എൻ്റെ പാമ്പാക്കുടക്കാരൻ ജിനു വന്നു വിളിച്ചപ്പോൾ ആദ്യം സംസാരിക്കുവാൻ പോലും ഞാൻ തയ്യാറായിരുന്നില്ല. എന്നാൽ പിന്നെ പിന്നെ ആ പയ്യൻ്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളുമെല്ലാം കേട്ടു. ഡോക്ടർ കെടുത്തയച്ച ഗുളികയും കഴിച്ചു തുടങ്ങി. മദ്യത്തിനോടുള്ള താൽപര്യം മാറി എന്നു മാത്രമല്ല ഇനി ഒരിക്കലും കെെകൊണ്ട് തൊടില്ല.

പാമ്പാക്കുട സ്വദേശി രാജൻ