cyber

മുംബയ് : മൊറട്ടോറിയം മറയാക്കി വൻ സെബർ തട്ടിപ്പിന് കളമൊരുങ്ങുന്നതായി മുംബയ് സൈബർ ക്രൈം വിംഗിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ, പണം തട്ടാൻ ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചു.രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും പരാതികൾ ലഭിച്ചതോടെയാണ് സൈബർ ക്രൈം വിഭാഗം അന്വേഷണം നടത്തിയത്. തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എന്നാൽ, പിന്നിൽ, ആരെന്നോ, ഏത് സംഘമെന്നോ കണ്ടെത്താൻ സൈബർ വിംഗിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

തട്ടിപ്പ് ഇങ്ങനെ

കൊവിഡ് വ്യാപകമായതോടെയാണ് രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ, റിസർവ് ബാങ്ക് ഗവർണർ വായ്പാ തിരിച്ചടവുകൾക്ക് മൂന്ന് മാസം മൊറട്ടോറിയം അടക്കം പ്രഖ്യാപിച്ചു. എന്നാൽ, മൂന്ന് മാസത്തെ മൊറട്ടോറിയം സംബന്ധിച്ച് ആശയക്കുഴപ്പം ഇടപാടുകാരിൽ ഉണ്ടായിരുന്നു. ഇതാണ് തട്ടിപ്പുകാർ തുറുപ്പ് ചീട്ടാക്കുന്നത്. ബാങ്ക് അധികൃതരെന്ന് വ്യാജേന ഫോണിൽ വിളിക്കുകയും മൊറട്ടോറിയത്തിനായുള്ള ആനുകൂല്യം ലഭിക്കാൻ ചില വിവരങ്ങൾ വേണമെന്നും ആവശ്യപ്പെടും. ഇതിനായി ബാങ്കിന്റേതെന്ന വ്യാജേന ഫോണിലേക്ക് ഒരു ലിങ്ക് കൈമാറും. ഇതിൽ പ്രവേശിക്കുന്നതോടെ ഫോൺ സൈബർ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഒ.ടി.പി കൂടി ഇവർക്ക് ലഭിക്കുന്നതോടെ, പണം എളുപ്പത്തിൽ തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.