കോലഞ്ചേരി: മീൻ പിടിത്തമില്ല, മാസങ്ങൾ പഴക്കമുള്ള മീൻ വില്പനക്കെത്തിച്ച് മത്സ്യവ്യാപാരികൾ കൊവിഡിനിടയിലും ചൂഷണംചെയ്യുന്നു. ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളിൽ അധികം പഴക്കമില്ലാത്ത മീനാണ് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ വരുന്നതാകട്ടെ മാസങ്ങൾ പഴക്കമുള്ളതും അഴുകിയതുമാണ്. മീൻ കിട്ടാത്തതിനാൽ ഭൂരിഭാഗം മത്സ്യസ്റ്റാളുകളും അടഞ്ഞുകിടക്കുമ്പോൾ ചുരുക്കം കച്ചവടക്കാർ മാത്രം ചമ്പക്കര, മുനമ്പം എന്നിവിടങ്ങളിൽ നിന്നും ഇത്തരം പഴകിയ മത്സ്യം എത്തിച്ച് വില്പന നടത്തി അവസരം മുതലെടുക്കുകയാണ്.സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ മീൻപിടിത്തത്തിന് കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. എന്നാൽ, അത്തരം മീനുകൾ വില്പനയ്‌ക്കെത്തുന്നില്ല. മീനുകളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നു. മത്സ്യലഭ്യത കുറഞ്ഞ ഇക്കാലത്ത് സുരക്ഷിതമെന്ന് ഉറപ്പില്ലാത്ത മത്സ്യം വാങ്ങി ഉപയോഗിക്കുന്നതിൽ നിന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.എം രാജലക്ഷ്മി അറിയിച്ചു.
മുമ്പ് മത്സ്യം സുലഭമായിരുന്ന കാലത്ത് വിറ്റുപോകാത്തവ രാസപദാർത്ഥങ്ങൾ ചേർത്ത് ശീതീകരണികളിൽ ശേഖരിച്ചു വച്ചിരുന്നത് ലോക്ക് ഡൗൺ കാലത്തെ മത്സ്യക്ഷാമത്തിന്റെ മറവിൽ വിറ്റഴിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
#തിരുവാണിയൂർ മത്സ്യം വില്പന തടഞ്ഞു
ഇത്തരം മീൻ വിറ്റ തിരുവാണിയൂർ കൊച്ചങ്ങാടിയിലെ മത്സ്യ സ്റ്റാൾ ആരോഗ്യ വിഭാഗം അടപ്പിച്ചു. 40 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.മത്സ്യം വാങ്ങി കബളിപ്പിക്കപ്പെടുന്നവരുടെ പരാതി നിരന്തരം വന്നതോടെയാണ് അധികൃതർ പരിശോധനയ്‌ക്കെത്തിയത്. പഴകിയ മത്സ്യം വില്ക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുന്നവരെ സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പിടിച്ചെടുത്ത മത്സ്യം ഉദ്യോഗസ്ഥർ രോഗാണുനാശിനി വിതറി വില്പന തടഞ്ഞു. പിന്നീട് സ്ഥാപന ഉടമയുടെ ചുമതലയിൽ നീക്കം ചെയ്ത് സംസ്‌കരിച്ചു.. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. കെ. സജി,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എൻ വിനയ കുമാർ, ടി. എസ് അജനീഷ് , പി. എച്ച് നഴ്‌സ് വി.കെ. സൂസി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
മീനുകൾക്ക് രൂക്ഷമായ രാസ ദുർഗന്ധം
രാസപദാർത്ഥങ്ങൾ മാംസത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് വലിയ മീനുകളിൽ അവിടവിടെ കീറലുകൾ
ചെറുകിട മാർക്കറ്റുകളിലേയ്ക്ക് തമിഴ്‌നാട്ടിലെ തൂത്തുക്കുടി, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽനിന്നാണ് മീനെത്തുന്നത്