negative

കൊച്ചി: എറണാകുളത്ത് ഐസൊലേഷനിൽ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാൾക്ക് കൊവിഡില്ല. രോഗലക്ഷണങ്ങളെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയവെ മരിച്ച 65കാരന്റെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇന്നലെയാണ് ഇരുമ്പനം സ്വദേശിയായ മുരളീധരൻ ഹൃദയാഘാതം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാ ഫലം ഇന്നലെ ലഭ്യമായിരുന്നില്ല. അതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാതെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിദേശത്തുനിന്ന് എത്തിയതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.