കൊച്ചി: കൊവിഡ് -19 പേടിയിൽ ലോക്ക് ഡൗൺ നീണ്ടാലും മലയാളിയുടെ അന്നംമുട്ടാതിരിക്കാൻ കഠിനശ്രമത്തിലാണ് കൃഷിവകുപ്പ്. വേനൽമഴ എത്തിയതോടെ എത്രയും പെട്ടെന്ന് പാകമായ നെൽക്കൃഷിയുടെ വിളവെടുപ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ 300 ഹെക്ടർ പാടത്തെ വിളവെടുപ്പാണ് ഇനി പൂർത്തിയാകാനുള്ളത്. അതേസമയം വേനൽമഴ കനക്കുന്നതോടെ വാഴക്കൃ നശിക്കുമെന്ന ആശങ്കയിലാണ് ജില്ലയുടെ കിഴക്കൻ മേഖലയിലെ കർഷകർ.
# കൊയ്‌ത്തിന് വേഗം
ജില്ലയിലെ നെൽക്കൃഷിയെല്ലാം കൊയ്യാൻ പാകത്തിലായപ്പോഴാണ് വേനൽമഴയെത്തിയത്. പാടത്ത് വെള്ളം കയറിയാൽ നെല്ല് നശിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ വേനൽമഴ ശക്തിയാർജിക്കും മുമ്പ് കൊയ്‌ത്ത് തീർക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പകൽ മഴപെയ്താൽ നെല്ലുണങ്ങുന്നത് വരെ കാത്തിരുന്ന് അന്നുതന്നെ കൊയ്‌ത്തുനടത്തും. ജില്ലയിൽ 2608 ഹെക്ടറിലാണ് നെൽക്കൃഷി. ഇതിൽ 2308 ഹെക്ടറിലെ വിളവെടുത്തു.
# വാഴയ്ക്ക് കാറ്റാണ് വില്ലൻ
വേനൽമഴയല്ല, മഴയ്ക്കൊപ്പം എത്തുന്ന ശക്തിയേറിയ കാറ്റാണ് വാഴകൾക്ക് നാശമുണ്ടാക്കുകയെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും പറയുന്നു. കഴിഞ്ഞദിവസം വേനൽമഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് പിറവം, മൂവാറ്റുപുഴ ഭാഗങ്ങളിലെ നിരവധി വാഴകർഷകർക്ക് നാശനഷ്ടം സംഭവിച്ചത്. വിഷുവിപണി കണക്കാക്കി നട്ടിരുന്ന വാഴകളാണ് കാറ്റിൽ വീണത്. ഇത്തവണ വിഷുവിപണി നടന്നില്ലെങ്കിലും എങ്ങനെയെങ്കിലും സംഭരിച്ച് നഷ്ടം നികത്താമെന്ന് കർഷകർ കണക്കുകൂട്ടി ഇരിക്കുമ്പോഴാണ് കാറ്റ് വില്ലനായെത്തിയത്.
# എല്ലാവീട്ടിലും കൃഷി
മുഖ്യമന്ത്രിയുടെ ആഹ്വാനം പാലിച്ച് പച്ചക്കറി കൃഷി വീടുകളിൽ ആരംഭിക്കാനാഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിത്തുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. മുളന്തുരുത്തി, വൈറ്റില തുടങ്ങിയ കൃഷിഭവനുകളിൽ ആവശ്യത്തിന് വിത്തുകൾ എത്തിച്ചുനൽകി. വിവിധ സംഘടനകൾ വഴിയും വിത്തുകൾ വീടുകളിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വെണ്ട, ചീര, പയർ, കുറ്റിപ്പയർ തുടങ്ങിയ നാടൻ പച്ചക്കറികളുടെ വിത്തുകളാണ് നൽകുന്നത്. മുമ്പ് പത്തു രൂപയുടെ പാക്കറ്റായി നൽകിയിരുന്ന വിത്തുകൾ പൂർണമായും സൗജന്യമായാണ് ഇപ്പോൾ നൽകുന്നത്.
# വിളവെടുപ്പ് പൂർത്തിയാക്കും
"നെൽക്കൃഷിയുടെ വിളവെടുപ്പിന് മെഷീനുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്. വളരെക്കുറച്ച് തൊഴിലാളികളെയേ ആവശ്യം വരികയുള്ളൂ. മഴ ചതിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങളെ മറികടക്കാതെ തന്നെ വിളവെടുപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം."
ദിലീപ് കുമാർ.ടി
ഡെപ്യൂട്ടി ഡയറക്ടർ,
കൃഷിവകുപ്പ്, എറണാകുളം