കൊച്ചി: ലോക്ക് ഡൗൺ ആണെന്ന ന്യായം പറഞ്ഞ് ടിവിക്കും മൊബൈൽഫോണിനും മുന്നിൽ ചുരുണ്ടുകൂടിയിരിക്കുന്ന കുട്ടിപ്പട്ടാളങ്ങളെ ഉഷാറാക്കാൻ സി.ബി.എസ്.ഇ സ്കൂളുകൾ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നു. 10, 12 ക്ളാസുകാർക്ക് ഓൺലൈൻ ക്ളാസ് തുടങ്ങിക്കഴിഞ്ഞു. പ്രൈമറി ക്ളാസുകാരെയും പഠനത്തിൽ നിന്നൊഴിവാക്കില്ല. രക്ഷിതാക്കൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി ഇവർക്ക് ഗൃഹപാഠങ്ങൾ നൽകാനാണ് ഉദ്ദേശം. കൊവിഡ് -19 പശ്ചാത്തലത്തിൽ എട്ടാംക്ളാസ് വരെ വിദ്യാർത്ഥികളെ വാർഷിക പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുൻ പരീക്ഷകളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ളാസ് കയറ്റം നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം
# സാമ്പത്തിക പ്രതിസന്ധി രൂക്ഷം
സി.ബി.എസ്.ഇ സ്കൂളുകളിലെ അവസാന ടേമിലെ ഫീസടവ് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. മുൻ ടേമുകളിലെ കുടിശിക തീർക്കേണ്ടതും ഈ സമയത്താണ്. കൊവിഡ് - 19 വ്യാപനത്തെത്തുടർന്നുള്ള അനിശ്ചിതത്വം ഫീസ് പിരിക്കലിനെയും ബാധിച്ചു. ഇത് സ്ഥാപനങ്ങളുടെ നിലനില്പിനെ ബാധിച്ചിരിക്കുകയാണ്. അദ്ധ്യാപകർക്ക് അവധിക്കാലത്ത് ശമ്പളം നൽകിയിരുന്നത് ഈ ഫണ്ടിൽ നിന്നാണ്. ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകൾ നിലനിൽക്കുന്നതുതന്നെ വിദ്യാർത്ഥികൾ നൽകുന്ന ഫീസിനെ മാത്രം ആശ്രയിച്ചാണ്. ഫീസ് ലഭിക്കാത്തതിനാൽ സി.ബി.എസ്.ഇ സ്കൂളുകൾ കടുത്ത പ്രതിസന്ധിയിലാണ്.
# പ്രവേശനം തടസപ്പെട്ടു
നഗരങ്ങളിലെ പ്രമുഖ സ്കൂളുകളിലെ എൽ.കെ.ജി പ്രവേശന നടപടികൾ സാധാരണ നവംബറോടെ പൂർത്തിയാക്കും. ഗ്രാമപ്രദേശങ്ങളിലെ പ്രവേശനം മദ്ധ്യവേനൽ അവധിക്കാലത്താണ് നടക്കുന്നത്. ഓൺലൈൻ വഴിയുള്ള പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സി.ബി.എസ്.എ സ്കൂളുകൾക്ക് ബാധകമല്ലെങ്കിലും നിർദേശം തങ്ങളെയും ദോഷകരമായി ബാധിച്ചെന്ന് അധികൃതർ പറയുന്നു. ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള
വിദ്യാർത്ഥികൾ കേരളത്തിലെ സ്കൂളുകളിൽ അഡ്മിഷൻ എടുക്കുന്നത് ഈ സമയത്താണ്. കൊവിഡ് പ്രവേശന പ്രവർത്തനങ്ങളെ നിശ്ചലമാക്കി.
# അവധിക്കാല ക്ളാസുകൾ മുടങ്ങി
നിലവിലുള്ള പ്രവൃത്തി ദിനങ്ങളിൽ പാഠഭാഗങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ വെക്കേഷൻ ക്ളാസുകൾ നടത്തുന്നതിന് കേരളത്തിലെ സ്കൂളുകൾക്ക് സി.ബി.എസ്.ഇ അനുമതി നൽകിയിട്ടുണ്ട്. ഹൈസ്കൂളുകാർക്കും പ്ളസ് വൺകാർക്കും മാർച്ച് ആദ്യം തന്നെ ക്ളാസ് തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ അതും മുടങ്ങി. സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ച് സ്കൂളുകൾ തുറക്കും.