കൊച്ചി: നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള 4000 കുടുംബങ്ങളിൽ ടി ജെ വിനോദ് എം. എൽ. എ അരിയും പല വ്യഞ്ജനങ്ങളുമെത്തിച്ചു. അരി, പുട്ടുപൊടി, ആട്ട, സൺ ഫ്‌ളവർ ഓയിൽ, ചായപ്പൊടി, പഞ്ചസാര, കടല, പരിപ്പ്, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സവാള എന്നിവ തുണി സഞ്ചിയിലാക്കിയാണ് നൽകിയത്. എറണാകുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേരാനല്ലൂർ, വടുതല, അയ്യപ്പൻകാവ്, എളമക്കര, കലൂർ,വാത്തുരുത്തി, എളംകുളം, എറണാകുളം സെൻട്രൽ , സൗത്ത്, തേവര എന്നിവിടങ്ങളിൽ ഡിവിഷൻ കൗൺസിലർമാരും പഞ്ചായത്തംഗങ്ങളും പൊതു പ്രവർത്തകരും ചേർന്ന് തയ്യാറാക്കിയ പട്ടികയനുസരിച്ച് ഏറ്റവും അർഹരായവർക്കാണ് ഭക്ഷ്യധാന്യങ്ങൾവിതരണം ചെയ്തതെന്ന് എം എൽ എ പറഞ്ഞു. രണ്ടാം ഘട്ടമായി ഈ പ്രദേശങ്ങളലേക്ക് സാനിറ്റൈസറുകളും നൽകി.
'കരുതലായ് എറണാകുളം ' പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഭക്ഷ്യധാന്യ വിതരണത്തിന് കൊച്ചിൻ ഷിപ്പ് യാർഡ്, ഡി പി വേൾഡ്, മുത്തൂറ്റ് ഫിനാൻസ്, ആസ്റ്റർ മെഡ് സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയുണ്ട്.
ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് ഫോണിലൂടെ കൺസൾട്ടേഷൻ നടത്തുന്നതിനായി
'ഡോക്ടർ ഓൺ കോൾ ' സൗകര്യവും
മരുന്നുകൾ വീട്ടിലെത്തിക്കുന്നതിനായി 'ടെലി മെഡിസിൻ' സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും എം. എൽ. എ അറിയിച്ചു