കൊച്ചി : ആതുരാലയങ്ങളിൽ പേരാട്ടം തുടരുന്ന ആരോഗ്യപ്രവർത്തകർ, മറ്റൊരു വശത്ത് വെയിലും മഴയുമേറ്റ് പൊലീസും റവന്യു വകുപ്പ് ജീവനക്കാരും. കൊവിഡ് മാഹാമാരിയെ തുരത്താൻ കഠിനധ്വാനം ചെയ്യുന്ന മുന്നണി പോരാളികൾ. ഇവർക്കെല്ലാം പോഷക സമൃദ്ധമായ പഴക്കിറ്റുകൾ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് സർക്കാർ. പദ്ധതിയുടെ പരീക്ഷണടിസ്ഥാനത്തിലുള്ള ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ നടന്നു. 7000 പഴക്കിറ്റുകളാണ് ജില്ലയിൽ വിതരണത്തിനായി തയ്യാറായത്.
മാധവ ഫാർമസി ജംഗ്ഷനിൽ നടന്ന വിതരണോദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, ഹോർട്ടികോർപ്പ് എം.ഡി ജെ. സജീവ്, അസി. സിറ്റി പോലീസ് കമ്മഷണർ ജി. പൂങ്കുഴലി, എസ്.പി കെ. കാർത്തിക്, അസി. കളക്ടർ എം.എസ് മാധവിക്കുട്ടി എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ കർഷകരിൽ നിന്നാണ് വിതരണത്തിനാവശ്യമായ പഴങ്ങൾ ഹോർട്ടികോർപ്പ് സംഭരിക്കുന്നത്. നിലവിലെ പ്രതികൂല സാഹചര്യത്തിൽ പ്രതിസന്ധിയിലായ കർഷകർക്ക് സഹായകമാകുന്ന വിധത്തിലാണ് കൃഷിവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പഴക്കിറ്റുകൾക്കാവശ്യമായ തുക സംഭാവനയായി നൽകും. മരട് പച്ചക്കറി മാർക്കറ്റിൽ കുടുംബശ്രീ അംഗങ്ങളാണ് ജില്ലയിൽ വിതരണത്തിനായുള്ള പഴക്കിറ്റുകൾ തയ്യാറാക്കിയത്.