ആലുവ: ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും പലരും തടിയന്മാരാകുന്ന അവസ്ഥയാണ്. ഒപ്പം ജീവിതശൈലീ രോഗികളുടെ എണ്ണവും വർദ്ധിക്കും. പലരും വ്യായാമമൊന്നുമില്ലാതെ വീടിനകത്ത് കുത്തിയിരുന്ന് സമയം കളയുകയാണ്. ഭക്ഷണം കഴിക്കുന്നതിന് ഒരു കുറവുമില്ല. കഴിഞ്ഞ 15 ദിവസത്തിനിടയിൽ ഒന്നുമുതൽ മൂന്നുകിലോ വരെ പലർക്കും തൂക്കം കൂടി. രണ്ടുമുതൽ നാല് ഇഞ്ച് വരെ തടിയും വർദ്ധിച്ചിട്ടുണ്ട്. ചിലർക്ക് പ്രമേഹവും കൊളസ്ട്രോളും കൂടി.
ലോക്ക് ഡൗണിനെ തുടർന്ന് പ്രഭാതസവാരിയും ജിംനേഷ്യത്തിലുള്ള വ്യായാമവും മറ്റും നിലച്ചതാണ് ശരീര സംരക്ഷകർക്കും രോഗികൾക്കുമെല്ലാം വിനയായത്. പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കുന്നതിനായി സാധാരണക്കാരുടെ ഏറ്റവും പ്രധാന ഉപാധിയാണ് പ്രഭാത, സായാഹ്നസവാരി. നാടും നഗരവുമൊന്നും വ്യത്യാസമില്ലാതെ പുലർച്ചെ നാല് മുതൽ നിരത്തുകളിലും ഗ്രൗണ്ടുകളിലുമെല്ലാം സവാരിക്കാരുണ്ടാകും. ഇക്കാര്യത്തിൽ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ല. ജനതാ കർഫ്യു പ്രഖ്യാപിച്ച മാർച്ച് 22 മുതൽ ഭൂരിപക്ഷവും പ്രഭാതസവാരി നിർത്തിയിരുന്നു. രോഗത്തെ ഭയന്ന് പ്രഭാതസവാരി മുടക്കാത്തവരെ ഡ്രോൺ കാമറകൾ പിടികൂടിയതോടെ അതും പൂർണമായി നിലച്ചു.
ജോലിക്ക് പോകാതെ വീടുകളിൽ ടി.വി കണ്ടും മറ്റും സമയം തള്ളിനീക്കുന്നവർ കഴിക്കുന്ന അമിതഭക്ഷണവും പലർക്കും വിനയായി.
ദിവസേന അഞ്ച് കിലോമീറ്റർ നടക്കുന്നത് ലോക്ക് ഡൗണിന് ശേഷം ഇരട്ടിയാക്കി പ്രമേഹവും കൊളസ്ട്രോളും സാധാരണ നിലയിലാക്കണമെന്നാണ് വിചാരിക്കുന്നതെന്ന് സ്ഥിരം നടത്തക്കാരനായ ആലുവ സ്വദേശി എ.എസ്. സലിമോൻ 'കേരളകൗമുദി'യോട് പറഞ്ഞു.