കൊച്ചി: ക്ഷേമനിധി അംഗങ്ങളല്ലാത്ത അബ്‌കാരി തൊഴിലാളികൾക്ക് ധനസഹായം നൽകണമെന്ന ബാർ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസ്താവനയ്ക്കെതിരെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.കെ.മണിശങ്കർ രംഗത്തെത്തി.
അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ 3068 അംഗങ്ങളാണുള്ളത്. നൂറിൽ താഴെ അംഗങ്ങളേയുള്ളൂ എന്ന അസോസിയേഷന്റെ പ്രസ്താവന സർക്കാരിനോടുള്ള വെല്ലുവിളിയാണ്. നൂറുപേർക്ക് വേണ്ടി ഒരു ക്ഷേമനിധി ബോർഡിന്റെ ആവശ്യമില്ല. ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്ക് ആനുകൂല്യങ്ങൾ കൊടുക്കണമെന്ന വാദം വിചിത്രമാണ്. ബാറുകളിലെ ഭൂരിപക്ഷം തൊഴിലാളികളും അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളാകേണ്ടതിനു പകരം ഇ.പി.എഫിലാണ് അംഗത്വമെടുത്തിട്ടുള്ളത്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഇ.പി.എഫ് അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കേണ്ടത് കേന്ദ്ര സർക്കാരും ഇ.പി.എഫുമാണ്.
അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം അടക്കുന്ന ക്ഷേമനിധി അംഗങ്ങൾക്കു വേണ്ടിയാണ് ബോർഡ് പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ സി.കെ. മണിശങ്കറും ചീഫ് എക്സിക്യൂട്ടീവ് ബീനമോളും അറിയിച്ചു.
.