ന്യൂഡൽഹി: ''ക്യാപ്ടൻ, കോച്ച്, ടീം മാനേജർ പിന്നെ, കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒരാൾക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ട്. എന്നാൽ, എം.എസ്. ധോണിയുടെ യാത്രകളെല്ലാം ഇക്കോണമി ക്ലാസിൽ ടി.വി ക്രൂവിനൊപ്പം ആയിരിക്കും.
കാമറാമാൻമാരും സൗണ്ട് എൻജിനീയർമാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികർ. നായകൻ വീരാട് കോഹ്‌ലിയും ധോണിയുടെ പാത പിന്തുടർന്ന് ഇക്കോണമിക് ക്ലാസിലാണ് പൊതുവേ യാത്ര ചെയ്യുന്നത്''. ധോണിയുടെയും കോഹ്‌ലിയുടെയും ലാളിത്യത്തെയും എളിമയെയും വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യ നായകൻ സുനിൽ ഗവാസ്‌കർ. ഒരു ദേശീയ മാദ്ധ്യമത്തിൽ എഴുതിയ കോളത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നാട്ടിൽ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങൾ ഒരു വേദിയിൽനിന്ന് അടുത്ത വേദിയിലേക്ക് സ്‌പെഷൽ ചാർട്ടേർഡ് വിമാനത്തിലാണ് യാത്ര ചെയ്യുക. ഇതേ വിമാനത്തിൽ തന്നെയാകും മത്സരം സംപ്രേഷണം ചെയ്യുന്ന ചാനൽ ക്രൂവും യാത്ര ചെയ്യുന്നുന്നത്. ധോണി, ടീമിന്റെ നായകനായിരുന്ന കാലത്തും തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
ഇത് നിലവിലെ നായകൻ വിരാട് കോഹ്‌ലിയും പിന്തുടരാറുണ്ട്. പലപ്പോഴും ഇക്കോണമി ക്ലാസിലാണ് താരവും യാത്ര ചെയ്യാറെന്നും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് തന്റെ സീറ്റ് അദ്ദേഹം വിട്ടു നൽകാറുണ്ടെന്നും ഗവാസ്‌കർ എഴുതി. ഇക്കാര്യം വ്യക്തമാക്കി നേരത്തെ മുൻ ഇംഗ്ലീഷ് താരം മൈക്കിൾ വോണും രംഗത്തെത്തിയിരുന്നു.