കൊച്ചി: ലോക്ക് ഡൗൺ കാലത്ത് കോഴിവളർത്തൽ പരിശീലിക്കാം. പഠനം പൂർത്തിയാകുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ച് നൽകും. എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രമാണ് (കെ.വി.കെ) ഓൺലൈൻ പരിശീലനം നൽകുന്നത്.
ലോക്ക് ഡൗൺ കാലം വീട്ടിൽ കൃഷി ചെയ്യാനും കൃഷി പഠിക്കാനും ചെലവാക്കി നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് കൈത്തങ്ങാവാമെന്ന ആഹ്വാനവുമായാണ് കെ.വി.കെയുടെ പദ്ധതി. ഇറച്ചി, മുട്ടഉത്പാദനം വർദ്ധിപ്പിക്കാൻ കോഴിക്കുഞ്ഞുങ്ങളെ വീട്ടുപടിക്കലെത്തിക്കും. കൊച്ചി നഗരസഭാ പരിധിയിലും വൈപ്പിനിലുമാണ് തുടക്കം. രണ്ടുമാസം പ്രായമായ കരിങ്കോഴി, തലശേരി നാടൻ കുഞ്ഞുങ്ങൾ നാല് പിടയും ഒരു പൂവനുമടങ്ങിയ യൂണിറ്റുകളായാണ് വീട്ടിലെത്തിച്ചു നൽകുക. കരിങ്കോഴി ഒരു യൂണിറ്റിന് 1,325 ഉം തലശേരി 1075 രൂപയും വീതമാണ് വില. താത്പര്യമുള്ളവർക്ക് 9446120244 എന്ന നമ്പറിൽ വിളിച്ചോ വാട്‌സാപ്പ് മെസേജ് അയച്ചോ ബുക്കിംഗ് നടത്താമെന്ന് കേന്ദ്രം മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ അറിയിച്ചു.
വീട്ടുവളപ്പിലെ കോഴി വളർത്തലിൽ ഓൺലൈൻ പരിശീലന ക്ലാസ് 11ന് രാവിലെ 10.30 മുതൽ 12.30 വരെ കെവികെയുടെ icar-krishi vigyan kendra എന്ന ഫേസ്ബുക് പേജിൽ നടത്തും. സംശയങ്ങൾ മെസേജായി അയക്കാം.