ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കി അൻവർസാദത്ത് എം.എൽ.എ. ലോക്ക് ഡൗണിനെത്തുടർന്ന് ജീവനക്കാർക്ക് ആശുപത്രിയിലേക്ക് വരുന്നതിനും പോകുന്നതിനും ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ബസും ഡ്രൈവറെയും വിട്ടുനൽകിയാണ് ആരോഗ്യദിനത്തിൽ എം.എൽ.എ സഹായമൊരുക്കിയത്.

നിലവിൽ ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസും സ്ഥിരം ഡ്രൈവറെയും ആലുവ ജില്ലാ ആശുപത്രിയിലെ സാഹചര്യം പരിഗണിക്കാതെ ജില്ലാ മെഡിക്കൽ ഓഫീസർ മറ്റ് ചുമതലകൾക്ക് നിയോഗിച്ചതാണ് ജീവനക്കാർക്ക് പാരയായത്. ലോക്ക് ഡൗണിനെത്തുടർന്ന് ഡയാലിസിസ് സെന്ററിലെ ആംബുലൻസിൽ ജീവനക്കാർക്ക് യാത്ര ദുരിതമായതോടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ജില്ലാ ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രി അധികൃതർ യാത്രാദുരിതം എം. എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നായിരുന്നു നടപടി. എം.എൽ. എ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ സ്‌കൂൾ ബസാണ് ജീവനക്കാർക്ക് താത്കാലികമായി വിട്ടുനൽകിയത്.

പുക്കാട്ടുപടി, ചെമ്പറക്കി, പെരുമ്പാവൂർ, അങ്കമാലി റൂട്ടിൽ പല ഷിഫ്റ്റുകളിലായി നാല് ട്രിപ്പുകളാണ് ആശുപത്രി ജീവനക്കാർക്കായി ഓടേണ്ടത്. കൊച്ചി മെഡിക്കൽ കോളേജിന് ശേഷം ജില്ലയിൽ കൊവിഡ് -19 പരിശോധന സാമ്പിളെടുക്കുവാൻ ആദ്യം തീരുമാനിച്ചത് ആലുവ ജില്ലാ ആശുപത്രിയാണ്. ഐസലേഷൻ സംവിധാനവുമുണ്ട്.

വാഹനസൗകര്യത്തിന് ബുദ്ധിമുട്ടുള്ളതിനാൽ ആശുപത്രിയിൽത്തന്നെ താമസിക്കേണ്ടി വന്ന നിരവധി ജീവനക്കാർക്ക് എം.എൽ. എ.യുടെ ഇടപെടൽ തുണയായി.