അങ്കമാലി: മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് സ്വകാര്യ ബസ് ജീവനക്കാർക്ക് സഹായധനം നൽകുന്നതിലെ വിവേചനം ഒഴിവാക്കി മുഴുവൻ തൊഴിലാളികൾക്കും ആനുകല്യങ്ങൾ ലഭ്യമാക്കാൻ നടപടി വേണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി, കാലടി, അത്താണി മേഖലാ യൂണിറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും അസോസിയേഷൻ നിവേദനം നൽകി.
ക്ഷേമനിധി ബോർഡ് തീരുമാനപ്രകാരം തൊഴിലാളിവിഹിതം അടച്ച് അംഗത്വമെടുത്തവർക്ക് മാത്രമേ സഹായം ലഭിക്കുകയുള്ളൂ. മേഖലയിൽ നിലവിൽ ജോലി ചെയ്യുന്നതിൽ വളരെ ചുരുക്കം പേർ മാത്രമാണ് അംഗങ്ങളായി ചേർന്നിട്ടുള്ളത്. ഇപ്പോൾ തിരിച്ചടവുള്ള 5000 രൂപയുടെ ഈ വായ്പ ലഭിക്കണമെങ്കിൽ അപേക്ഷാഫോറം ബോർഡിന്റെ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് അവസാനവിഹിതം അടച്ച രസീത്, ഐഡൻറിറ്റി കാർഡ്, ആധാർ കാർഡ്, പാസ്ബുക്ക് മുതലായവ സ്‌കാൻ ചെയ്തു ഇമെയിൽ അയക്കണം. അക്ഷയ പോലുള്ള കേന്ദ്രങ്ങൾ ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ ഇത്തരം തീരുമാനം തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണ്. തൊഴിലാളികൾ അംഗമാകാൻ തയ്യാറാകാത്തതിനാൽ ബസ് ഉടമകൾ ക്ഷേമനിധിയിൽ അടച്ചിട്ടുള്ള കോടിക്കണക്കിന് രൂപ അദർവെൽവിഷർ എന്ന ഹെഡിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഓരോ ബസിനും നിശ്ചിതതുക നൽകാൻ തയ്യാറായാൽ ഉടമകൾക്കും തൊഴിലാളികൾക്കും സഹായമാകുമെന്നും അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.