തോപ്പുംപടി: ലോക്ക് ഡൗണിനെ തുടർന്ന് ഫിഷിംഗ് ഹാർബർ അടച്ചു പൂട്ടിയ സാഹചര്യത്തിൽ ഗില്ലറ്റ് ബോട്ടിലെ മത്സ്യങ്ങൾ തോപ്പുംപടിയിലെ കടവുകളിൽ വിൽപ്പന നടത്തുന്നതായി പരാതി. തോപ്പുംപടി മരക്കടവിലുള്ള കടവുകളിലാണ് കേര, ചൂരപോലുള്ള വലിയ മത്സ്യങ്ങൾ മുറിച്ച് വിൽപ്പന നടത്തുന്നത്.സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടി നിന്നാണ് വിൽപ്പന. തമിഴ്നാട് - കുളച്ചൽ സ്വദേശികളാണ് ഗില്ലെറ്റ് ബോട്ടിൽ ആഴ്ചകളോളം മത്സ്യ ബന്ധനം നടത്തി വലിയ മീനുകളെ ചൂണ്ടയിട്ടു പിടിക്കുന്നത്. ഐസിൽ ശേഖരിച്ച് വെക്കുന്ന മീനുകൾ ആഴ്ചകൾ കഴിഞ്ഞാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്.പല ഭാഗങ്ങളിൽ നിന്നായി പഴക്കം ചെന്ന മീനുകൾ ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു.കഴിഞ്ഞയാഴ്ചകൊൽക്കത്തയിൽ നിന്നും മത്സ്യം കയറ്റിവന്ന രണ്ട് ലോഡ് വാഹനം കൊച്ചി കണ്ണമാലി പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ മുൻപിലും പിറകിലും പാൽ വണ്ടിയുടെ ബോർഡ്‌ സ്ഥാപിച്ചാണ് കേരളത്തിലേക്ക് മീൻ കടത്തുന്നത്.. പച്ചക്കറി ലോഡ് എന്ന വ്യാജപേരിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും മീനുകൾ എത്തിക്കുന്നുണ്ട്.ലോക്ക് ഡൗൺ കഴിഞ്ഞാൽ സംസ്ഥാനത്തെ ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുന്ന നാലായിരത്തോളം ബോട്ടുകൾക്ക് കടലിലേക്ക് പോകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മത്സ്യതൊഴിലാളികൾ.