ആലുവ: ലോക്ക് ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങാനിറങ്ങിയവർ പൊലീസിന്റെ ഡ്രോണിൽ കുടുങ്ങി. റൂറൽ ജില്ലയിലെ കോട്ടപ്പടി പൊലിസ് സ്റ്റേഷനിൽ മാത്രം കഴിഞ്ഞദിവസം ഡ്രോൺ നിരീക്ഷണപ്പറക്കലിൽ അഞ്ച് പേരാണ് കുടുങ്ങിയത്. ഡ്രോണിനെ പറ്റിച്ച് ഒരുപാട് ദൂരം ഓടി ഒളിച്ചിരുന്നവരെ പൊലീസ് വാഹനം പിന്തുടർന്നെത്തി പിടികൂടി. ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ സബ് ഡിവിഷനുകളിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഡ്രോൺ നിരീക്ഷണം നടത്തുന്നുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഏഴ് കിലോമീറ്റർ ചുറ്റളവിൽ ദൃശ്യങ്ങൾ പകർത്താൻ ഡ്രോൺ കാമറക്ക് കഴിയും.