മൂവാറ്റുപുഴ: കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയിൽ ജൈവ ഉൽപ്പാദനത്തിന് തുടക്കമായി. കമ്പനിയിലെ മിഷീനുകൾ തകരാറിലായതും പ്രവർത്തന മൂലധനമില്ലാത്തതും കമ്പനിയുടെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. കമ്പനിയുടെ പഴയ മിഷീനുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ മുതൽ കമ്പനിയിൽ പൈനാപ്പിൾ ജൂസ് ഉൽപ്പാദനത്തിന് തുടക്കമായി. ഇതോടെ അടുത്ത ദിവസം തന്നെ വിപണിയിൽ ജൈവ് ഉൽപ്പന്നങ്ങൾ എത്തിക്കാനാകും. കമ്പനിയിലേയ്ക്ക് ആവശ്യമായ പൈനാപ്പിൾ സംഭരണത്തിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. സംഭരണോദ്ഘാടനം കർഷകരിൽ നിന്നും വാങ്ങിയ പൈനാപ്പിൾ എൽദോ എബ്രഹാം എം.എൽ.എ കമ്പനി ചെയർമാൻ ഇ.കെ.ശിവന് നൽകി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ എൽദോ എബ്രഹാം എം.എൽ.എ, കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, മാനേജിംഗ് ഡയറക്ടർ ഷിബുകുമാർ.എൽ, കൃഷി വകുപ്പ് അഡീഷ്ണൽ സെക്രട്ടറി ബോബി ആന്റണി, കമ്പനി ഡയറക്ടർമാർ, തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന് യോഗം കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകി.
#ആദ്യഘട്ടത്തിൽ 50 ടൺ
രജിസ്‌ട്രേഡ് കർഷകരിൽ നിന്നുമാണ് പൈനാപ്പിൾ സംഭരിക്കുന്നത്. ആദ്യഘട്ടത്തിൽ 50 ടൺ പൈനാപ്പിളാണ് സംഭരിക്കുന്നത്. ഉൽപ്പാദനം നടക്കുന്ന മുറയ്ക്ക് കൂടുതൽ പൈനാപ്പിൾ സംഭരിക്കാനാകും. ഇത് വിലയിടിവ് മൂലം വിപണിയിൽ നട്ടം തിരിയുന്ന കർഷകർക്ക് ആശ്വാസമാകും.