പറവൂർ : കൊവിഡ് -19 സുരക്ഷയുടെ ഭാഗമായി വീട്ടിലിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നാംവർഷ ഹയർ സെക്കൻഡറി കോമേഴ്സ്, ഹുമാനിറ്റീസ് ബാച്ചിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ സൗജന്യമായി ഓൺലൈൻ പഠനം ഒരുക്കുകയാണ് പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കര. സാമ്പത്തിക ശാസ്ത്രപാഠ ഭാഗങ്ങൾ വീഡിയോ രൂപത്തിൽ തെയ്യാക്കിയും പാഠഭാഗങ്ങൾ പാട്ട് രൂപത്തിലുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നാംവർഷ ഹയർസെക്കൻഡറിയിൽ ഇക്കണോമിക്സ് പരീക്ഷ കഴിയാത്തതുകൊണ്ടാണ് ഒന്നാംവർഷം സാമ്പത്തിക ശാസ്ത്രത്തിന് പ്രാധാന്യം കൊടുത്തതെന്ന് പ്രമോദ് പറഞ്ഞു.
ഒന്നാം വർഷത്തെ ഇക്കണോമിക്സ് പാഠഭാഗങ്ങളായ ഇൻഡ്യ - ചൈന - പാക്കിസ്ഥാൻ ഒരു താരതമ്യ പഠനം, സുസ്ഥിര വികസന ഘടകം, ദാരിദ്ര്യ നിർമാർജന പദ്ധതികൾ തുടങ്ങിയവയാണ് വീഡിയോ രൂപത്തിലാക്കിയിട്ടുള്ളത്. ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ജില്ലാ ജോയിന്റ് കോ ഓർഡിനേറ്ററായ പ്രമോദ് മാല്യങ്കര കരിയർ സാദ്ധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ടെലികൗൺസലിംഗ്, വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയും നൽകുന്നുണ്ട്.