കൊച്ചി: എം.പി ഫണ്ട് നിർത്തിവയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലോക്‌സഭ സ്പീക്കർ ഓംപ്രകാശ് ബിർളയ്ക്കും കത്ത് അയച്ചു. വലിയ പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിൽ എം.പിമാരുടെ ശമ്പളത്തിൽ മുപ്പത് ശതമാനം കുറവ് വരുത്തിയത് സ്വാഗതാർഹമാണ്. എന്നാൽ രണ്ട് വർഷത്തേക്ക് എം.പി ഫണ്ട് നിർത്തലാക്കുന്നത് അടിസ്ഥാന സൗകര്യമടക്കമുള്ള വിഷയങ്ങളെ പിന്നാട്ടടിക്കും. കേരളത്തിൽ എറണാകുളം മെഡിക്കൽ കോളേജിലേക്കാവശ്യമായ വെന്റിലേറ്ററുകൾ അടക്കമുള്ള പദ്ധതികൾക്ക് തുക അനുവദിക്കാനായി. ഇത്തരത്തിലുള്ള സൗകര്യങ്ങൾ എം.പി ഫണ്ട് നിറുത്തലാക്കുന്നതോടെ ലഭ്യമാകതെ വരും. ഇരുപതിനായിരം കോടി രൂപ മുടക്കി പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഇത്തരത്തിൽ ജനോപകാരപ്രദമായ പദ്ധതികൾ നിലനിറുത്തണമെന്നും ഹൈബി കത്തിൽ പറയുന്നു.