കൊച്ചി: കൊവിഡ് കാലത്തെ ലോക്ക്ഡൗൺ വിജ്ഞാനപ്രദമാക്കി കൊച്ചിയിലേയും യു.എ.ഇയിലേയും കുട്ടികൾ മൂന്നു ദിവസം നീളുന്ന മോഡൽ യു.എൻ സമ്മേളനത്തിന് തുടക്കം കുറിച്ചു. സൂം എന്ന വിഡിയോ കോൺഫറൻസ് ആപ്പിലൂടെ 75 കുട്ടികളാണ് പങ്കെടുക്കുന്നത്.
യു.എൻ സമ്മേളനങ്ങളുടെ മാതൃകയിൽ നടത്തപ്പെടുന്നതും മൺ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നതുമായ സമ്മേളനങ്ങൾ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതും വിജ്ഞാനപ്രദവുമാണെന്ന് ഡിജിറ്റൽ സമ്മേളനത്തിന്റെ സെക്രട്ടറി ജനറലും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ ആഷ്‌ലി പ്ലാസിഡ് പറഞ്ഞു. 25 കുട്ടികൾ വീതമുൾപ്പെട്ട മൂന്ന് ത്രിദിന സമ്മേളനങ്ങളാ ഇന്നലെ ആരംഭിച്ചത്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയാണ് കുട്ടികൾ വീടുകളിലിരുന്ന് കമ്പ്യൂട്ടർ സ്‌ക്രീനുകളിലൂടെ നേരിട്ട് കണ്ട് യു.എൻ മാതൃകയിൽ വാദപ്രതിവാദങ്ങൾ നടത്തി.
യു.എൻ ഓഫീസ് ഒഫ് ലീഗൽ അഫയേഴ്‌സ് (യുനോല), യു.എൻ ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈംസ് (യു.എൻ.ഒ.ഡി.സി), യു.എൻ എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) എന്നിവയുടെ മാതൃകാ സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വധശിക്ഷ ശരിയോ തെറ്റോ, കാലാവസ്ഥാമാറ്റങ്ങൾ എങ്ങനെ ചെറുക്കും, യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ. രചന രശ്മി, വിഷ്ണു ഹരികുമാർ, അഭിഷേക് ബിജു എന്നിവരാണ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനങ്ങൾ വഹിക്കുന്നത്.