ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ മുടക്കി വാങ്ങിയ 2000 റിയൽ ടൈം പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ഇന്നെത്തും
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ കൊവിഡ് 19 ടെസ്റ്റ് ആരംഭിക്കുന്നു. ഇതിനായി ഹൈബി ഈഡൻ എം.പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 36 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ റിയൽ ടൈം പി.സി.ആർ ടെസ്റ്റിംഗ് കിറ്റുകൾ ഇന്ന് (ബുധനാഴ്ച്) എത്തുമെന്ന് ഹൈബി അറിയിച്ചു.
പൂനെയിലെ മൈ ലാബിൽ നിന്നുമാണ് ഐ.സി.എം.ആർ അംഗീകാരമുള്ള റിയൽ ടൈം പി.സി.ആർ ടെസ്റ്റിംഗ് കിറ്റുകളെത്തുന്നത്. രണ്ടര മണിക്കൂർ സമയം കൊണ്ട് റിസൽട്ട് ലഭിക്കും. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് നൂറു ശതമാനം കൃത്യത ഉറപ്പ് വരുത്തിയ ടെസ്റ്റിംഗ് കിറ്റുകളാണിത്. രാജ്യാന്തര വിമാനത്താവളം അടക്കമുള്ള എറണാകുളം ജില്ലയിൽ കൊവിഡ് 19 ടെസ്റ്റിംഗ് ലാബിന്റെ അഭാവം കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ ഹൈബി ഈഡൻ എം.പി കൊണ്ടു വന്നിരുന്നു.സർക്കാർ മേഖലയിൽ എൻ.എ.ബി.എൽ ലാബുകൾ ഇല്ലാത്തതാണ് അനുമതി ലഭിക്കുന്നതിന് തടസമായത്. കേരള സർക്കാർ എറണാകുളം മെഡിക്കൽ കോളേജിൽ ഒരു പി.സി.ആർ മെഷിൻ അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച്ച മുതൽ പി.സി.ആർ മെഷിൻ പ്രവർത്തന സജ്ജമായി. നിലവിൽ 2000 റിയൽ ടൈം പി.സി.ആർ ടെസ്റ്റ് കിറ്റുകൾ എത്തുന്നതോടെ വളരെ വേഗത്തിൽ കൃത്യതയോടെ ടെസ്റ്റുകൾ നടത്താൻ സാധിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
ഒറ്റ ദിവസം കൊണ്ടാണ് ജില്ലാ കളക്ടർ എസ് സുഹാസ് ഈ പദ്ധതിക്കും അനുമതി ലഭ്യമാക്കിയതെന്ന് എം.പി പറഞ്ഞു. ഡോ.ശശി തരൂർ എം.പിയുടെ ഓഫീസിന്റെ സഹായവും ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയ്ക്ക് സഹായകമായി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ശരത് പവാറിന്റെ മകളായ ലോക്‌സഭാംഗം സുപ്രിയ സുലെ പൂനെയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മൈ ലാബ് ഡയറക്ടർ രാഹുൽ പാട്ടീലുമായി നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടു. വിമാനമാർഗം കിറ്റുകൾ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഇത് കൂടാതെ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിംഗ് കിറ്റുകൾ കൂടി ലഭ്യമാക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ടെന്നും എം.പി പറഞ്ഞു.