കൊച്ചി: അത്യാവശ്യ സാധനങ്ങളുടെ കൈമാറ്റത്തിനായി തിരുവനന്തപുരം കോഴിക്കോട് റൂട്ടിൽ റെയിൽവേ പ്രത്യേക പാഴ്സൽ സർവീസ് തുടങ്ങും. നാളെ മുതൽ 14 വരെയായിരിക്കും സർവീസ്. രണ്ടു ഭാഗങ്ങളിലേക്കുമായി ആറു സർവീസുകൾ വീതമാണ് നടത്തുക. പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ ഈ സംവിധാനം വഴി കൈമാറാനാവും. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള പാഴ്സൽ ട്രെയിൻ സർവീസുകൾ രാവിലെ എട്ടിന് പുറപ്പെട്ട് വൈകിട്ട് ആറിന് യഥാസ്ഥാനങ്ങളിലെത്തും. തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ. പാഴ്സൽ ബുക്കിംഗിന് തിരുവനന്തപുരം, കൊല്ലം പാഴ്സൽ ഓഫീസുകൾ രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെ പ്രവർത്തിക്കും. കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും പ്രവർത്തന സമയം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ക്വിന്റലിന് 147 രൂപയും കോഴിക്കോട്ടേക്ക് 220 രൂപയുമായിരിക്കും പാഴ്‌സൽ നിരക്ക്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 981295 99529 (ചീഫ് പാഴ്‌സൽ ഇൻസ്‌പെക്ടർ), 95678 69375 (കൊമേഴ്‌സ്യൽ കൺട്രോൾ) നമ്പറുകളിൽ ബന്ധപ്പെടാം