police
പൊലീസ് വാഹനത്തിൽ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ

കൊച്ചി: പ്രസവവേദനയെ തുടർന്ന് ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവതി പേഴയ്ക്കാപ്പിള്ളിയിൽ വാഹന പരിശോധനയ്ക്കിടെ കുഴഞ്ഞു വീണു. ഇവരെ മൂവാറ്റുപുഴ പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ എം.സി റോഡിലാണ് സംഭവം. ഭർത്താവിന്റെ കുറുപ്പംപടിയിലെ വീട്ടിൽ വച്ചാണ് അസ്വസ്ഥതകൾ ഉണ്ടാകുന്നത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സ. ഭർത്താവ് വിവിധ ഇടങ്ങളിൽ വാഹനമന്വേഷിച്ചു കിട്ടാതായതോടെയാണ് ബൈക്കിലിരുത്തി ആശുപത്രിയിലേക്ക് തിരിച്ചത്. പായിപ്ര സ്വദേശിനിയുടെ ആദ്യ പ്രസവമാണ്.

എസ്. ഐ ടി. എം സൂഫിയുടെ നേതൃത്വത്തിൽ പൊലീസ് വാഹനത്തിൽ കയറ്റി ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു. തുടർന്ന് ഡോക്ടർ പരിശോധിച്ച് ലേബർ റൂമിലാക്കും വരെ പൊലീസ് കൂടെ നിന്നു. ഇവർ വന്ന ബൈക്കും പൊലീസ് ആശുപത്രിയിലെത്തിച്ച് നല്കി. എസ്.ഐ യോടൊപ്പം എ.‌എസ്.ഐ പി.സി ജയകുമാറാണ് സഹായത്തിനുണ്ടായത്.ഇവരെ ഡിവൈ.എസ്.പി കെ അനിൽ കുമാർ അഭിനന്ദനമറിയിച്ചു.