fish
പിടിച്ചെടുത്ത വാഹനം . പഴകിയ മത്സ്യമാണ് വാഹനത്തിനുള്ളിൽ

കൊച്ചി: കൊച്ചിയിൽ വീണ്ടും പഴകിയ മത്സ്യം പിടിച്ചെടുത്തു. എറണാകുളം വൈപ്പിനിൽ ഇന്ന് രാവിലെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. 4000 കിലോ ഗ്രാം കേര മീനാണ് പിടിച്ചെടുത്തത്. ഈസ്റ്റർ വിപണി ലക്ഷ്യമിട്ടായിരുന്നു മത്സ്യം എത്തിച്ചത്. മത്സ്യത്തിന് ആഴ്ചകൾ പഴക്കമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. മീൻ കൊണ്ടുവന്ന വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ എറണാകുളം ചമ്പക്കരയിൽ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു.

ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും എറണാകുളം ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിച്ച 1810 കിലോ പഴകിയ മത്സ്യമായിരുന്നു ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. ചമ്പക്കര, തൃപ്പൂണിത്തുറ മാർക്കറ്റുകളിൽ എത്തിയ മൂന്നോളം ചെറിയ കണ്ടെയ്‌നർ ലോറികളിൽ നിന്നായിരുന്നു മത്സ്യം പിടിച്ചെടുത്തത്. മത്സ്യങ്ങൾ അവിടെതന്നെ നശിപ്പിച്ചു.

അതേസമയം,മത്സ്യം എത്തിച്ചവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പഴകിയ മത്സ്യങ്ങൾ വ്യാപകമായി കേരളത്തിലെത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ജില്ലയിലെ വിവിധ മാർക്കറ്റുകളിലും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ ഇതുവരെ 6200 കിലോയിലേറെ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.