കോലഞ്ചേരി: ഇത് ബൈക്ക് ഷോറൂമല്ല, പൊലീസ് സ്റ്റേഷനാണ്. പുതിയതും പഴയതുമായ വാഹനങ്ങളുടെ നീണ്ടനിരയാണ് വളപ്പ് നിറയെ. ആഡംബരക്കാറുകളുമുണ്ട്. താക്കോൽക്കൂട്ടങ്ങളാൽ നിറഞ്ഞ് കവിഞ്ഞ മേശവലിപ്പുകളാണ് അകത്തെക്കാഴ്ച. ജില്ലയിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളിലെയും പൊതു ചിത്രം ഇതാണ്. ലോക്ക് ഡൗൺ ലംഘിച്ച് നാട് കാണാനിറങ്ങിയവരുടെ വാഹനങ്ങളാണ് ഇവയെല്ലാം. ഉടമയുടെ മേൽവിലാസവും വാഹനത്തിന്റെ നമ്പറും ഓരോ താക്കോലിനുമൊപ്പം കടലാസിൽ രേഖപ്പെടുത്തി പ്രത്യേക പെട്ടിയിലാണ് സൂക്ഷിക്കുന്നത്.പിടിച്ചെടുക്കൽ കർശനമാക്കിയിട്ടും ലോക്ക് ഡൗൺ ലംഘനം തുടരുകയാണ്.
വാഹനം തിരികെയെടുക്കുന്നതിനായി ഉടമകൾ ഒരേസമയമെത്തിയാൽ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടത്തിന് കാരണമാകും. ഇത് നിലവിലെ നിയന്ത്രണങ്ങളുടെ ലംഘനവുമാകും. വാഹനം വിട്ടുനൽകുമ്പോഴുള്ള തിരക്ക് ഒഴിവാക്കാൻ നിബന്ധനകൾ ഏർപ്പെടുത്തും. ഒട്ടും അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ആളുകൾ പുറത്തിറങ്ങി യാത്രചെയ്യുന്നത് തുടരുന്നതിനാലാണ് കേസുകൾക്ക് കുറവുണ്ടാകാത്തതെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.അനിൽ കുമാർ പറഞ്ഞു.
#ചൊവ്വാഴ്ച മാത്രം പിടിച്ചെടുത്ത വാഹനങ്ങൾ
കുന്നത്തുനാട്ടിൽ 21 ബൈക്ക്
പുത്തൻകുരിശിൽ 20 ബൈക്ക്
ഒരു ബി.എം.ഡബ്ല്യു കാർ,
ഫോർച്ച്യൂണർ എസ്.യു.വി
# പുറത്തിറങ്ങുന്നത് നിസാര കാര്യങ്ങൾക്ക്
പുത്തൻകുരിശിൽ പിടിച്ച ബി.എം.ഡബ്ല്യുഉടമ ടയറിന്റെ കാറ്റു ചെക്ക് ചെയ്യാനിറങ്ങിയതാണ്. കാക്കനാട് നിന്ന് ബീഫ് അന്വേഷിച്ച് ഇന്നോവയിലെത്തിയ ടെക്കിയും, ലുങ്കി മുണ്ടന്വേഷിച്ചെത്തിയ എൻജിനീയറും, കരഞ്ഞ കുട്ടിയുടെ കരച്ചിൽ മാറ്റാൻ കുട്ടിയുമായി ബൈക്കിലെത്തിയ പ്രവാസി വ്യവസായിയുമടക്കം ഇതു വരെ 101 വാഹനങ്ങൾ കുന്നത്തുനാട്ടിലും 153 എണ്ണം പുത്തൻകുരിശിലുമുണ്ട്.
ലോക്ക് ഡൗൺ പിൻവലിച്ച ശേഷമേ വാഹനങ്ങൾ വിട്ടുനൽകുകയുള്ളൂവെന്നാണ് ഉടമകളെ അറിയിച്ചിട്ടുള്ളത്.
# പൊലീസിൻ്റെ പ്രത്യേക ടീം
ലോക്ക് ഡൗൺ തീർന്നാൽ നാലു മാസത്തിനുള്ളിൽ കുറ്റ പത്രം സമർപ്പിക്കും വിധം സ്റ്റേഷനിൽ പ്രത്യേക ടീമിനെ തയ്യാറാക്കിയാണ് കേസെഴുതിക്കുന്നത്.വേഗത്തിൽ കേസ് കോടതിയിലയത്തിക്കാനാണിത്.
സാജൻ സേവ്യർ, എസ്.എച്ച്.ഒ പുത്തൻകുരിശ് പൊലീസ്
#രണ്ടു വർഷം വരെ തടവും കിട്ടിവുന്ന കേസ്
പിടിയിലായ വാഹന ഉടമകൾക്കെതിരെ കഴിഞ്ഞ 27 ന് എപ്പിഡമിക് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 10000 രൂപ പിഴയും രണ്ടു വർഷം വരെ തടവും കിട്ടിവുന്നതാണ് കേസ്.
വി.ടി ഷാജൻ, എസ്.എച്ച്.ഒ കുന്നത്തുനാട് പൊലീസ്