തിരുപ്പതി: കൊവിഡ് 19 രോഗികൾക്ക് ചികിത്സ നൽകുമ്പോൾ സ്വയം പരിരക്ഷിക്കുന്നതിനായി കുറഞ്ഞ ചെലവിൽ മാസ്ക് നിർമിച്ച് തിരുപ്പതി എസ്.വി റുയ ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ആരോഗ്യവിഭാഗം. ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഇ. ഹരി കൃഷ്ണ, അനസ്തേഷ്യ ഡോക്ടർ എസ്. ശ്രീനിവാസുലു എന്നിവരാണ് നൂതന ആശയം അവതരിപ്പിച്ചത്.
സാധാരണ ശസ്ത്രക്രിയാ മാസ്കിലേക്ക് എ 4 വലുപ്പത്തിലുള്ള ഓവർഹെഡ് പ്രൊജക്ടർ ഷീറ്റ് (ഒ.എച്ച്.പി) ഘടിപ്പിച്ചാണ് ഫേസ് മാസ്കുകൾ നിർമ്മിച്ചത്. മാസ്കിനു ഡോക്ടർമാരുടെ മുഖം മുതൽ നെഞ്ച് വരെ മൂടാനാകും. അതിലൂടെ രോഗികളുടെ ശ്വസനവായുവിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കഴിയും. ഇത് രോഗികളെ പരിശോധിക്കുമ്പോഴും അത്യാഹിതങ്ങളിലും മാത്രമേ ഉപയോഗിക്കാനാവൂ. ഒരു മാസ്കിന്റെ വില വെറും 7 രൂപയാണ്, ഉപയോഗത്തിന് ശേഷം അത് എളുപ്പത്തിൽ നീക്കംചെയ്യാം. നിലവിൽ ഒരു ദിവസം മുന്നൂറോളം മാസ്കുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ജില്ലാ ഭരണകൂടം 5,000 എൻ -95 മാസ്കുകൾ ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്. പേഴ്‌സണൽ പ്രൊട്ടക്റ്റ് എക്യുപ്‌മെന്റ് (പി.പി.ഇ), എൻ -95 മാസ്കുകൾ എന്നിവ സംസ്ഥാനത്ത് ആവശ്യത്തിന് ഉണ്ട്. 20 ലക്ഷം സെറ്റ് പി.പി.ഇയ്ക്കും 14 ലക്ഷം എൻ -95 മാസ്കുകൾക്കും ആരോഗ്യവിഭാഗം ഓർഡർ നൽകിയിട്ടുണ്ട്.