ബെർലിൻ: യുറോപ്പിനെ വിറപ്പിക്കുകയാണ് കൊവിഡ്. മരണങ്ങളും കൊവിഡ് കേസുകളുടെ എണ്ണവും പ്രതിദിനം കൂടിവരികയാണ്. കൊവിഡ് വ്യാപനം കുറയ്ക്കാനും രോഗികളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും കഠിനപരിശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇതിനിടെ, കൊവിഡ് വ്യാപനം കുറയ്ക്കാനും രോഗികളെ നിരീക്ഷിക്കാനും പുതിയ ആപ്പ് തന്നെ പുറത്ത് ഇറക്കിയിരിക്കുകയാണ് ജർമ്മനി. പ്രത്യേക തരത്തിൽ വികസിപ്പിച്ചെടുത്ത ആപ്പ്, ഫോണിലോ സ്മാർട്ട് വാച്ചിലോ ഇൻസ്റ്റാൾ ചെയ്യാം. അതുവഴി പരിശോധനാ ഏജൻസിക്ക് ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയുടെ ബിപി, വയസ്സ്, ശരീരത്തിന്റെ ഊഷ്മാവ് തുടങ്ങിയവയൊക്കെ തിരിച്ചറിയാനാകും. ഇത് പിന്നീട് കൺട്രോൾ സെന്ററിലേക്ക് കൈമാറും.
കൊവിഡ് വ്യാപനം കുറയ്ക്കാൻ ഈ ആപ്പ് സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ, കൊവിഡ് ടെസ്റ്റിന് പകരമായുള്ള സംവിധാനമല്ലെന്നും ജർമ്മൻ ഗവൺമെന്റ് അറിയിച്ചിട്ടുണ്ട്. നേരത്തെ, സമാനമായ ഒരു മൊബൈൽ ആപ്പ് കൊച്ചിയിലെ ഒരു കമ്പനി വികസിപ്പിച്ചിരുന്നു. ട്രേസ് സി എന്ന പേരിൽ പുറത്തിറക്കിയ ആപ്പിൽ രോഗിയുടെ യാത്ര വിവരവും എത്ര നേരം ഏതൊക്കെ സ്ഥലങ്ങളിൽ ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും കൃത്യമായി കണ്ടെത്താൻ സഹായിച്ചിരുന്നു. ജിയോ മാപ്പിംഗ് സംവിധാനമുപയോഗിച്ചാണ് രോഗിയുടെ യാത്ര വിവരങ്ങൾ ആപ്പ് ശേഖരിച്ചത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫോണിലേക്ക് അയച്ചു നൽകുന്ന ലിങ്കിൽ കയറിയാൽ യാത്ര പാതയടങ്ങിയ വിവരങ്ങൾ രോഗിയുടെ ഫോണിലേക്കെത്തും. ഇത് ആരോഗ്യ വകുപ്പിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.