fish
പട്ടിമറ്റത്ത് പിടിച്ചെടുത്ത മീൻ അണു നാശിനി ഉപയോഗിച്ച് നശിപ്പിക്കുന്നു

കിഴക്കമ്പലം: പട്ടിമറ്റത്ത് ജംഗ്ഷനിലെ നീതി മെഡിക്കൽ സ്റ്റോറിന് എതിർ വശത്തുള്ള മത്സ്യവില്പന കേന്ദ്രത്തിൽ നിന്നും 300 കിലോ പഴകിയ മീൻ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന. പട്ടിമറ്റത്ത് നാലിടങ്ങളിൽ ആഴ്ചകളായി പഴകിയ മീൻ വില്പന നടന്നിരുന്നു. ഇന്നലെ മറ്റു മൂന്നിടങ്ങളും അടച്ചിട്ട നിലയിലായിരുന്നു. ഇവിടെ നിന്നും വാങ്ങിയ മത്സ്യം കഴിച്ച പലർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾ ഉണ്ടായതായി ആരോഗ്യ വിഭാഗത്തിന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേര, ചെമ്മീൻ, മത്തി, തിരുത,ഓലക്കൊടിയൻ, കക്ക ഇറച്ചിയും ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പിടിച്ചെടുത്ത മത്സ്യം അണു നാശിനി വിതറി നശിപ്പിച്ചു. ഉടമയുടെ ഉത്തരവാദിത്തത്തിൽ മത്സ്യം സംസ്കരിക്കാൻ നിർദ്ദേശം നൽകി. ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ മറവിൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് തിരക്കുകൾക്കിടയിലായതിനാൽ റെയ്ഡുണ്ടാകില്ലെന്ന ധാരണയിലാണ് മത്സ്യം സ്റ്റോക്കു ചെയ്ത് വിറ്റിരുന്നത്. മീൻ പിടുത്തം നിലച്ച സാഹചര്യത്തിൽ തമിഴ് നാട്ടിൽ നിന്നുമാണ് മാസങ്ങൾ പഴക്കമുള്ള മീനെത്തിയത്. ഇവിടെയുള്ള മൊത്ത വിതരണക്കാരുടെ ഗോഡൗണുകളിൽ ഇനിയും ഇത്തരം മത്സ്യം സ്റ്റോക്കുണ്ടെന്നാണ് സൂചന. ആഴ്ചയിലൊരിയ്ക്കൽ പോയി മീനെടുത്ത് സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നവരാണ് മേഖലയിലുള്ളത്. പഴകിയ മീനുകൾ തുടർന്ന് വില്പന നടത്തിയാൽ സ്ഥാപനം അടച്ചു പൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് പഞ്ചായത്ത് സെക്രട്ടറി പി.എൻ പ്രസാദ് പറഞ്ഞു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ബിനോയ് എം. ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ സജികാമാർ എന്നിവർ നേതൃത്വം നൽകി.

#പഴകിയ മീൻ തിരിച്ചറിയാം

* രക്തവർണത്തിലുള്ള ചെകിളപ്പൂവാണെങ്കിൽ മീൻ പുതിയതാണെന്ന് ഉറപ്പിക്കാം

* നല്ല മീനാണെങ്കിൽ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകൾ. പഴകിയ മീനിന് കണ്ണുകൾ കുഴിഞ്ഞതും നീലനിറമുള്ളതും

* നല്ല മീൻ മുറിക്കുമ്പോൾ കടുത്തനിറത്തിൽ ചോര വരും. ഇത്തരം മീനിൽ കൈ കൊണ്ട് അമർത്തിയാൽ നല്ല ദൃഢത ഉണ്ടാകും

* രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മീനിൻ്റെ ഗന്ധത്തിൽ വ്യത്യാസമുണ്ടാകും