വൈപ്പിൻ : ഇൻസുലേറ്റഡ് ലോറിയിൽ കൊണ്ടുവന്ന 4000 കിലോ ചീഞ്ഞമത്സ്യം ഇന്നലെ രാവിലെ വൈപ്പിൻ കാളമുക്കിൽ നിന്ന് പിടിച്ചെടുത്തു. ഇൻസുലേറ്റഡ് ലോറിയിൽ കൊണ്ടുവന്ന കേര, ചൂര മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ, ഫിഷറീസ് വകുപ്പും ഫിഷറീസ് എൻഫോഴ്സ് മെന്റും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികാരികളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്താനായത്. പിടിച്ചെടുത്ത മത്സ്യം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. ലോറിയിലുണ്ടായിരുന്നവരെക്കുറിച്ച് വിവരമൊന്നുമില്ല. മീൻ വൈപ്പിനിലെ ഒരു വ്യാപാരിക്ക് കൊണ്ടുവന്നതായാണ് സൂചന.

ലോക്ക് ഡൗണായതോടെ ഇവിടെ മത്സ്യത്തിന് ക്ഷാമം നേരിട്ടപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിനിട്ട് സൂക്ഷിച്ചിരിക്കുന്ന മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് വിതരണം നടത്തുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നടത്തുന്ന പരിശോധനയുടെ ഭാഗമായായിരുന്നു വൈപ്പിനിലെ പരിശോധന.

ഓപ്പറേഷൻ സാഗർറാണി എന്ന് പേരിട്ട പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ വിന്നി ചിറ്റലപ്പിള്ളി, എം.എൻ. ഷംസിയ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു പി. ജോൺ, ഫിഷറീസ് അസി. ഡയറക്ടർ പി അനീഷ്, അസി. എക്സ്റ്റെൻഷൻ ഓഫീസർ ദേവിചന്ദ്രൻ, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, ഫിഷറീസ് ഉദ്യോഗസ്ഥരായ നിപ്ടിൻ മൈക്കിൾ, സുരാജ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ ജയേഷ്, ദിനേഷ്, വാർഡ് മെമ്പർ പി.കെ. ബാബു എന്നിവർ പങ്കെടുത്തു.

രാസവസ്തുക്കൾ ചേർത്ത പഴകിയ മീൻ പിടിച്ചെടുക്കുവാൻ കർശന പരിശോധന തുടങ്ങിയതോടെ വൈപ്പിൻ, മുരിക്കുംപാടം മേഖലയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യങ്ങൾ കായലിൽ തള്ളുന്നതായി പരാതിയുണ്ട്. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് വരുന്ന ലോഡുകൾ പരിശോധിക്കുന്നതിന് പുറമേ വൻകിട പാക്കിംഗ് കമ്പനികളിൽ പരിശോധന നടത്തി ഉപയോഗശൂന്യമായ മത്സ്യം പിടികൂടണമെന്ന ആവശ്യം നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്.