കൊച്ചി: ലോക്ക് ഡൗണിൽ റോഡ്, വ്യോമ ഗതാഗതം സ്തംഭിച്ചതോടെ കമ്പനികളിൽ സ്റ്റോക്കുള്ള മരുന്ന് പോലും കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തുന്നില്ല. ചരക്കുനീക്കം മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തയാഴ്ച അവശ്യമരുന്നുകൾ കിട്ടാതാവും.
ലോക്ക് ഡൗണിൽ അവശ്യ മരുന്നുകളുടെ ലഭ്യതയും വിതരണവും കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ആൾ ഇന്ത്യ ഓർഗനൈസേഷൻ ഒഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് ജനറൽ സെക്രട്ടറി രാജീവ് സിംഗാൾ അംഗങ്ങൾക്കയച്ച കത്തിൽ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ മരുന്നെത്തിക്കാൻ ലോറികൾ ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. മാർച്ച് 20 ന് ശേഷം വളരെക്കുറച്ച് വാഹനങ്ങളേ മരുന്നുമായി എത്തിയിട്ടുള്ളൂവെന്ന് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഫെബ്രുവരിയിൽ ലഭിച്ച മരുന്നുകളാണ് മാർച്ചിൽ വിറ്റത്. മാർച്ച് അവസാനം വരേണ്ടിയിരുന്ന മരുന്നാണ് ഏപ്രിലിൽ വിൽക്കേണ്ടത്. സാധാരണ നിലയിലുള്ളതിന്റെ പകുതി മരുന്നുകളേ എത്തിയിട്ടുള്ളൂ. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയ്ക്ക് ദിവസവും കഴിക്കേണ്ടതും ഒഴിവാക്കാനാകാത്തതുമായ മരുന്നുകളാണിവ.
മരുന്നുമായി വരുന്ന വാഹനങ്ങൾക്ക് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് അതിർത്തികൾ കടക്കാനാവുന്നില്ല. രോഗഭീതി, വഴിയിൽ തടസങ്ങളുണ്ടാകുമോ, ഭക്ഷണവും വെള്ളവും ലഭിക്കുമോ, വാഹനങ്ങൾ വഴിയിൽ കുടുങ്ങുമോ തുടങ്ങിയ ആശങ്കകൾ മൂലമാണ് ഡ്രൈവർമാർ മടിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വകുപ്പും പൊലീസും കേരളത്തിനകത്ത് ഗതാഗതം ഉറപ്പാക്കുന്നുണ്ടെങ്കിലും ലോറികൾക്ക് അന്യസംസ്ഥാനങ്ങൾ കടന്നെത്താനാവുന്നില്ല.
കിഡ്നി തകരാർ, കരൾരോഗം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളുടെ മരുന്നുകൾ വിമാനമാർഗമാണ് എത്തിക്കുന്നത്. പ്രത്യേക രീതിയിലും അന്തരീക്ഷത്തിലും സൂക്ഷിക്കുന്ന ഇത്തരം മരുന്നുകൾ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് നിർമ്മിക്കുന്നത്. കൊറിയർ കമ്പനികൾ വിമാനങ്ങൾ വഴിയാണ് മരുന്നുകൾ എത്തിക്കുന്നത്. ഇവ നിലച്ചതും തിരിച്ചടിയായെന്ന് മൊത്തവ്യാപാരി പി.വി. ടോമി പറഞ്ഞു.
കുറിപ്പടികളിലും
വ്യാജൻ
മരുന്നിന്റെ വ്യാജ കുറിപ്പടിയുമായി ധാരാളം പേർ മെഡിക്കൽ ഷോപ്പുകളിൽ എത്തുന്നുണ്ട്. മാനസികപ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള മരുന്നുകളാണ് ആവശ്യപ്പെടുന്നത്. മദ്യലഭ്യത നിലച്ചതിനാൽ ലഹരി കിട്ടാത്തവർ പഴയ കുറിപ്പടി ഉപയോഗിച്ച് വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അപരിചിതർക്കും സംശയം തോന്നുന്നവർക്കും മരുന്ന് നൽകാൻ ഷോപ്പുടമകൾ മടിക്കുന്നു.