fish
മൂവാറ്റുപുഴയില്‍ മത്സ്യ വില്പന ശാലകളിൽ നടന്ന പരിശോധന

മൂവാറ്റുപുഴ: മൂവാറ്റുപുഴമേഖലയിലെ മത്സ്യ വില്പനസ്റ്റാളുകളിൽ പഴകിയ മത്സ്യങ്ങൾ വില്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫുഡ് സേഫ്റ്റി​ ഇൻസ്‌പെക്ടർമാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. ഇന്നലെ മൂവാറ്റുപുഴ കീച്ചേരിപ്പടി, പേഴയ്ക്കാപ്പിള്ളി ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മീൻകടകളിലാണ് പരിശോധന നടത്തിയത്. 16 മീൻകടകളിൽ പരിശോധന നടത്തി. പേഴയ്ക്കാപ്പിള്ളി, കീച്ചേരിപ്പടി ഭാഗങ്ങളിലെ കടകളിൽ നിന്നും 30കിലോ പഴകിയതും കേടുവന്നതുമായ മീനുകളാണ് പിടികൂടിയത്. കീച്ചേരിപ്പടിയിൽ ലൈസൻസില്ലാതെ പഴകിയ മീനുകൾ വില്പന നടത്തിയ മീൻകട അടച്ച് പൂട്ടി സീൽ ചെയ്തു. പേഴയ്ക്കാപ്പിള്ളിയിൽ പഴകിയ മത്സ്യം വില്പന നടത്തിയ രണ്ട് കടകൾക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കോവിഡ് 19നെ തുടർന്ന് മത്സ്യം ക്ഷാമം നേരിടുന്ന സമയത്ത് പഴകിയ മത്സ്യങ്ങൾ മീൻകടകളിൽ വില്പന നടത്തുകയാണന്ന വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കോവിഡ് 19നെ തുടർന്ന് സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ മത്സ്യം വരവ് കുറവായതോടെ പലകടകളും ഇന്നലെ തുറന്നിരുന്നില്ല. മൂവാറ്റുപുഴ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ബൈജു.പി.തോമസ്, പെരുമ്പാവൂർ സർക്കിൾ ഫുഡ് സേ്ര്രഫി ഓഫീസർ ടിജോ വർഗീസ്, മൂവാറ്റുപുഴ ഹെൽത്ത് ഇൻസ്‌പെക്ടർ അഷറഫ്.എ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിനു, സുബൈർ റാവുത്തർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മൂവാറ്റുപുഴ സർക്കിൾ ഫുഡ് സേ്ര്രഫി ഓഫീസർ ബൈജു.പി.തോമസ് പറഞ്ഞു.