പിറവം: നഗരസഭ, 27ാം ഡിവിഷൻ പാഴൂർ അമ്പലപ്പടിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. പുളിക്കൽ അശോകന്റെ രണ്ടു മുറികളുള്ള വീടാണ് ഇന്നലെ വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പൂർണമായും തകർന്ന്. ഓടും പട്ടികയും ഉൾപ്പെടെയുള്ള മേൽക്കൂര, നിലം പതിക്കുകയായിരുന്നു. അശോകനും, രോഗിയായ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും കാര്യമായി പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയാണ് ഇപ്പോൾ ഇവർ കഴിയുന്നത്. പ്രകൃതിക്ഷോഭ സഹായത്തിൽ ഉൾപ്പെടുത്തി വീട് നഷ്ടപ്പെട്ട കുടുംബത്തിന് അടിയന്തിര സഹായം നൽകണമെന്ന് നഗരസഭ കൗൺസിലർ ബെന്നി വി വർഗീസ് ആവശ്യപ്പെട്ടു.
പിറവം മേഖലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും കാറ്റിലും ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായതായ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. പിറവം നഗരസഭയിലും പാമ്പാക്കുട, രാമമംഗലം , മണീട് , തിരുമാറാടി പഞ്ചായത്ത് പ്രദേശങ്ങളിലുമാണ് മഴയും കാറ്റും കനത്ത നാശം വിതച്ചത്.
10000ത്തോളം വാഴകൾ 230 ഓളം റബർ ആയിരത്തോളം ജാതിമരങ്ങളും നശിച്ചു.മണീട് നെച്ചൂരിലും വെട്ടിത്തറയിലും വ്യാപക കൃഷിനാശം ഉണ്ടായി. വെട്ടിത്തറ പട്ടത്താനത്തുകുഴി വിനോദിന്റെ 200 വാഴകളും , നെച്ചൂരിൽ കണ്ടനാട് ഗോപിയുടെ 500 വാഴകളും നിലംപൊത്തി. വെട്ടിത്തറ കുറങ്ങാട്ടിൽ െഎസക്കിന്റെ 10 ഓളം ജാതിമരങ്ങൾ ഒടിഞ്ഞു. പിറവം പാഴൂരിൽ ബാബുവിന്റെ 300 ഏത്തവാഴകളും നിലം പൊത്തി.
#അപേക്ഷ നൽകാം
കൃഷിനാശം സംഭവിച്ച കൃഷിക്കാർക്ക് അതാത് കൃഷിഭവനുകളിൽ അപേക്ഷ നൽകാം. അപേക്ഷയുടെ അടിസ്ഥാനത്തിൽ തോട്ടങ്ങൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തും.
ഫിലിപ്പ് വർഗീസ് അസി. ഡയറക്ടർ , കൃഷിവകുപ്പ്