visit-mla-guest-house
കൊവിഡ് 19 മുന്നൊരുക്കത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന പറവൂർ പുതിയ ഗസ്റ്റ്ഹൗസ് മന്ദിരത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വി.ഡി.സതീശൻ എം.എൽ.എ.എത്തിയപ്പോൾ .

പറവൂർ : കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി പറവൂരിൽ നടന്നുവരുന്ന മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാകുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. സമൂഹവ്യാപനം ഉണ്ടായാൽ രോഗികളെയും ആരോഗ്യ പ്രവർത്തകരെയും താമസിപ്പിക്കുന്നതിനായി ഏറ്റെടുക്കുന്ന പറവൂർ പുതിയ ഗസ്റ്റ്ഹൗസ് മന്ദിരത്തിലെ പ്രവർത്തനങ്ങൾ എം.എൽ.എ വിലയിരുത്തി. ഇരുപത്തഞ്ച് ബാത്ത് അറ്റാച്ച്ഡ് മുറികളും വിശാലമായ ഹാളും റെസ്റ്റോറന്റുമുണ്ട്. ആവശ്യമായ ഫർണിച്ചർ എത്തിച്ചിട്ടുണ്ട്. ശുദ്ധജല, വൈദ്യുതി കണക്ഷൻ രണ്ട് ദിവസത്തിനകം ലഭിക്കും.

താലൂക്ക് ആശുപത്രി രണ്ട് ഭാഗങ്ങളാക്കി തിരിച്ച് കോവിഡ് രോഗികളും മറ്റു രോഗികളുമായി ബന്ധവുമില്ലാത്തവിധം ചികിത്സാസൗകര്യം ഒരുക്കും. സ്വകാര്യ ആശുപത്രികളും സഹകരണം ഉറപ്പുനൽകിയിട്ടുണ്ട്. വേണ്ടിവന്നാൽ പറവൂരിലെ ഹോട്ടൽ മുറികളും ചികിത്സാ ആവശ്യത്തിനായി ഉപയോഗപ്പെടുത്തും. കൊവിഡുമായി ബന്ധപ്പെട്ട് ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് ആശുപത്രി അധികൃതർ നൽകിയാൽ ഉടൻ എം.എൽ.എ.ഫണ്ടിൽ നിന്ന് പണം അനുവദിക്കും. ഇതിന് 24 മണിക്കൂറിനുള്ളിൽ അനുമതി നൽകാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. പറവൂരിൽ കൊവിഡ് ബാധയുണ്ടായാൽ ജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ സുജ, കൗൺസിലർ സജി നമ്പ്യത്ത് തുടങ്ങിയവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.