medicine
ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ തായിക്കാട്ടുകരയിൽ ജലാൽ താമരശേരിക്ക് പദ്ധതിപ്രകാരം ലഭിച്ച മരുന്ന് യൂത്ത് കെയർ പ്രവർത്തകർ കൈമാറുന്നു

ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് മരുന്ന് വാങ്ങാനാകാതെ വിഷമിക്കുന്ന നിർദ്ധന രോഗികൾക്കായി അൻവർ സാദത്ത് എം.എൽ.എ ആലുവ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ 'ഒറ്റക്കല്ല ഒപ്പമുണ്ട് ഞാനും' പദ്ധതിപ്രകാരം ആറ് ദിവസത്തിനിടെ വിതരണം ചെയ്തത് പത്തുലക്ഷം രൂപയുടെ മരുന്നുകൾ.

എം.എൽ.എ പ്രസിദ്ധപ്പെടുത്തിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ യൂത്ത് കെയർ പ്രവർത്തകർ മരുന്ന് വീട്ടിലെത്തിക്കുന്നതായിരുന്നു പദ്ധതി. മണ്ഡലത്തിൽപ്പെട്ട ആലുവ നഗരസഭ, എടത്തല, കീഴ്മാട്, ചൂർണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് നിർദ്ധന രോഗികൾക്കാണ് സഹായം ലഭിച്ചത്. ജീവകാരുണ്യ പ്രവർത്തകരുടെയും ഉദാരമതികളുടെയും സ്‌പോൺസർഷിപ്പിലാണ് പദ്ധതി ആരംഭിച്ചത്. സമ്പന്നരായ ചിലരും മരുന്നിനായി ശ്രമിച്ചെങ്കിലും നടന്നില്ല. യൂത്ത് കെയർ പ്രവർത്തകരുടെ അന്വേഷണത്തിൽ നിർദ്ധനരല്ലെന്ന് ബോദ്ധ്യമായതിനെ തുടർന്ന് ഇവരെ ഒഴിവാക്കി.

സന്നദ്ധ സേവകരും ഫാർമസിസ്റ്റ് ബിരുദം പൂർത്തിയാക്കിയവരും നിലവിൽ ഫാർമസിസ്റ്റായി ജോലിനോക്കുന്നവരുമായ 17 പേരാണ് ഇതിനായി പ്രവർത്തിക്കുന്നത്.

ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ തായിക്കാട്ടുകരയിൽ ജലാൽ താമരശേരിക്ക് പദ്ധതിപ്രകാരം ലഭിച്ചത് 1500 രൂപയുടെ മരുന്നാണ്. യൂത്ത് കെയർ കോഓർഡിനേറ്റർ മുഹമ്മദ് ഷെഫീക്കും യൂത്ത് കെയർ സന്നദ്ധ പ്രവർത്തകൻ സിദ്ദിഖ് ഹമീദും മരുന്ന് കൈമാറി. ചൂർണിക്കരയിൽ മാത്രം എണ്ണൂറോളം പേർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു.