കൊച്ചി: പോഷകാഹാര കുറവ് മൂലം കുട്ടികളും മുതിർന്നവരും രോഗികളും ഇനി തളർന്നിരിക്കണ്ട. നിങ്ങൾക്ക് ആവശ്യമുള്ള പോഷക സമൃദ്ധമായ പാൽ സർക്കാർ വീട്ടിലെത്തിക്കും. എറണാകുളം ജില്ലാ ഭരണകൂടമാണ് പുതിയ പദ്ധതിക്ക് (പോഷണം ) തുടക്കമിട്ടിരിക്കുന്നത്. കൊവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
ജില്ലയിലെ അർഹരായ കുടുംബങ്ങളെ കണ്ടെത്തി സൗജന്യമായി പാൽ എത്തിച്ച് നൽകും. പദ്ധതി വൈകാതെ മറ്റ് ജില്ലകളിലേക്കും വ്യാപിക്കും. നെസ്ലെ കമ്പനിയുമായി സഹകരിച്ചാണ് പോഷണം പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക് മിൽക്ക് പാക്കറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന കുടുംബങ്ങളിലെത്തിക്കുക. മുതിർന്ന പൗരൻമാർ, രോഗികൾ, കുട്ടികൾ, പട്ടിക വർഗ കുടുംബങ്ങൾ എന്നിവർക്കാണ് പാൽ ലഭിക്കുക. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ ഉഷ പ്രവീണിന് പാൽ പാക്കറ്റുകൾ കൈമാറി ജില്ലാ കളക്ടർ എസ്.സുഹാസ് പദ്ധതിക്ക് തുടക്കം കുറിച്ചു. സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് നെസ് ലെ ഇതിൽ സഹകരിക്കുന്നത്.